43,000 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍: വിതരണോദ്ഘാടനം ബുധനാഴ്ച

Update: 2025-08-05 15:35 GMT

തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം, മാറിവരുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ക്കനുസരിച്ച് ഏറ്റവും അര്‍ഹരായവരെ ഉള്‍പ്പെടുത്തി, സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട 43,000 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ആഗസ്റ്റ് 6, ബുധനാഴ്ച, വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അഡ്വ. ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ ഹരികുമാര്‍ സി., പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഹിമ കെ., ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ.വി. തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.

സമൃദ്ധിയുടെ പൊന്നോണം ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ കിലോഗ്രാമിന് 10 രൂപ 90 പൈസ നിരക്കില്‍ ഓണം സ്പെഷ്യല്‍ അരി വിതരണം ചെയ്യും. PHH (പിങ്ക്) കാര്‍ഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരിയും NPS (നീല) കാര്‍ഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരിയും ലഭിക്കും. NPNS (വെള്ള) കാര്‍ഡ് വിഭാഗത്തിന് ആകെ 15 കിലോഗ്രാം അരി ലഭ്യമാകും. AAY (മഞ്ഞ) കാര്‍ഡ് വിഭാഗത്തിന് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഒരു കിലോഗ്രാം പഞ്ചസാരയും ഉറപ്പാക്കും. എല്ലാ റേഷന്‍ കാര്‍ഡ് വിഭാഗങ്ങള്‍ക്കും മണ്ണെണ്ണ ലഭ്യമാക്കും.

Similar News