റൈഫി വിന്‍സെന്റ് ഗോമസ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഹെഡ് കോച്ച്; സി എം ദീപക്ക് കോച്ചിങ് ഡയറക്ടര്‍

റൈഫി വിന്‍സെന്റ് ഗോമസ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഹെഡ് കോച്ച്

Update: 2025-08-06 15:38 GMT

കൊച്ചി: കെസിഎല്‍ രണ്ടാം സീസണിലേക്കുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. രഞ്ജി മുന്‍ താരവും ഇന്ത്യന്‍ അണ്ടര്‍ 19 ടീമംഗവുമായ റൈഫി വിന്‍സെന്റ് ഗോമസാണ് ഹെഡ് കോച്ച്. മുന്‍ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ടര്‍. എ ടി രാജാമണി, സനുത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലകര്‍. റോബര്‍ട്ട് ഫെര്‍ണാണ്ടസ്, ഉണ്ണികൃഷ്ണന്‍, ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേല്‍ ബെന്‍, മാത്യു ചെറിയാന്‍ എന്നിവരും സപ്പോര്‍ട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ടാകും.

ടീമിന്റെ ഹെഡ് കോച്ചായ റൈഫി വിന്‍സെന്റ് ഗോമസ് കേരളത്തില്‍ നിന്നും ഐപിഎല്‍ കളിച്ച ആദ്യ താരങ്ങളില്‍ ഒരാളാണ്. പ്രശസ്തമായ ബോര്‍ഡര്‍ - ഗാവസ്‌കര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായ ആദ്യ കേരള താരവും റൈഫിയാണ്. അണ്ടര്‍ 19 തലത്തില്‍ ഇന്ത്യയെയും രഞ്ജിയില്‍ കേരളത്തെയും പ്രതിനിധീകരിച്ചിട്ടുള്ള റൈഫി, ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ അഞ്ച് സിക്‌സും ഒരു ഫോറും നേടിയ അപൂര്‍വ്വ റെക്കോഡിനും ഉടമയാണ്. പോണ്ടിച്ചേരി ടീമിന്റെ രഞ്ജി കോച്ചായിരുന്ന റൈഫി, രാജസ്ഥാന്‍ റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയങ്ങള്‍ക്കൊപ്പം ടീമിന്റെയും താരങ്ങളുടെയും ഭാവി കൂടി മുന്നില്‍ക്കണ്ട് പ്രത്യേക കാഴ്ചപ്പാടോടെയുള്ള പരിശീലന രീതിയാണ് റൈഫിയുടേത്.

കഴിഞ്ഞ സീസണില്‍ സെബാസ്റ്റ്യന്‍ ആന്റണിക്കൊപ്പം ടീമിന്റെ സഹപരിശീലകനായുണ്ടായിരുന്ന സി എം ദീപക്കാണ് ടീമിന്റെ കോച്ചിങ് ഡയറക്ടര്‍. രഞ്ജിയില്‍ കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ദീപക്. ബിസിസിഐ ലെവല്‍ ടു കോച്ചായ അദ്ദേഹം കേരളത്തിന്റെ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനും പ്രതിഭകളെ കണ്ടെത്താനുള്ള കെസിഎ സംഘത്തിലെ അംഗവുമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് അക്കാദമിയുടെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് കൂടിയായിരുന്നു ദീപക്.

കേരളത്തിന്റെ രഞ്ജി ട്രോഫി താരവും അണ്ടര്‍ 19 ക്യാപ്റ്റനുമായിരുന്ന സനുത് ഇബ്രാഹിം ആണ് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അക്കാദമിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സനുത് ലോക ക്രിക്കറ്റ് ലീ?ഗില്‍ ഒമാന് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബൗളിങ് കോച്ചായിരുന്ന എസ് അനീഷ് ഈ സീസണിലും അതേ സ്ഥാനത്ത് തുടരും. രഞ്ജി - ദുലീപ് ട്രോഫി താരമായിരുന്ന അനീഷ് കേരളത്തിന്റെ അണ്ടര്‍ 16 ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ ടി രാജാമണി പ്രഭുവാണ് ടീമിന്റെ സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിംഗ് കോച്ച്. ആര്‍ അശ്വിന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ കരിയറില്‍ നിര്‍ണ്ണായക സ്വാധിനം ചെലുത്തിയിട്ടുള്ള രാജാമണി, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള രഞ്ജി ടീമംഗമായിരുന്ന റോബര്‍ട്ട് ഫെര്‍ണാണ്ടസ് ആണ് ടീമിന്റെ മെന്റര്‍. ഫിസിയോ ആയി ഉണ്ണികൃഷ്ണനും ട്രെയിനറായി ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസും വീഡിയോ അനലിസ്റ്റായി സജി സോമസുന്ദരവും ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായി ഗബ്രിയേല്‍ ബെന്നും ടീമിനൊപ്പം ഉണ്ടാകും. മാത്യു ചെറിയാനാണ് ടീമിന്റെ മാനേജര്‍.

Tags:    

Similar News