സദാനന്ദന്റെ കാല്‍ വെട്ടിയ കേസില്‍ കുറ്റവാളികള്‍ നിരപരാധികളെന്ന് ആവര്‍ത്തിച്ച് സിപിഎം; ജയിലില്‍ പോയവരെ പിന്തുണച്ച് ഇപിയും കെകെ രാഗേഷും
കണ്ണൂര്‍: ബിജെപി എംപി സി. സദാനന്ദന്റെ കാല്‍ വെട്ടിയ കേസില്‍ കുറ്റവാളികള്‍ നിരപരാധികളെന്ന് ആവര്‍ത്തിച്ച് സിപിഎം. എട്ട് പേരും നൂറ് ശതമാനം നിരപരാധികളാണെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു. ശിക്ഷ വിധിച്ചത് സദാനന്ദന്‍ ഉള്‍പ്പെടെ നല്‍കിയ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണെന്നും കെ. കെ. രാഗേഷ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാല് വെട്ടാന്‍ പോകുന്ന പാര്‍ട്ടിയല്ലെന്ന് ഇ.പി.ജയരാജനും പറഞ്ഞു. 1994 ജനുവരി 25 ന് ആര്‍എസ്എസ് സഹകാര്യവാഹക് ആയിരുന്ന സി. സദാനന്ദന്റെ കാല് വെട്ടിയത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. കെ. ശ്രീധരന്‍ , മാതമംഗലം നാണു, പുതിയവീട്ടില്‍ മച്ചാന്‍ രാജന്‍, പി. കൃഷ്ണന്‍, ചന്ദ്രോത്ത് രവീന്ദ്രന്‍, പുല്ലാഞ്ഞിയോടന്‍ സുരേഷ് ബാബു, മല്ലപ്രവന്‍ രാമചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കേസില്‍ പ്രതികളെ ന്യായീകരിച്ചുകൊണ്ടാണ് ഇ.പി. ജയരാജന്‍ രംഗത്തെത്തിയത്. കുറ്റക്കാരാണെന്ന് കോടതി പറഞ്ഞതുകൊണ്ട് മാത്രം അവര്‍ പൂര്‍ണമായും കുറ്റക്കാരെന്ന നിഗമനത്തില്‍ എത്തരുതെന്നാണ് ജയരാജന്റെ വാദം. കോടതിക്കും തെറ്റ് പറ്റാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാല് വെട്ടാന്‍ പോകുന്ന പാര്‍ട്ടിയില്ലെന്നും ഇങ്ങോട്ട് കാല് വെട്ടാന്‍ വന്നവരെയും സ്‌നേഹിച്ചവരാണ് പാര്‍ട്ടിയെന്നും ജയരാജന്‍ പറഞ്ഞു. വര്‍ഗീയ പരിപാടിക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് കാരണമാണ് ഉരുവച്ചാലില്‍ അന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇത് ചോദ്യം ചെയ്ത ജനാര്‍ദനനെ ആക്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന്റെ സ്വാഭാവിക പ്രതികരണമായാണ് സദാനന്ദന്‍ മാസ്റ്റര്‍ ആക്രമിക്കപ്പെട്ടത്.
പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ സമര്‍പ്പിച്ച മനുഷ്യരുണ്ട്. അവരുടെ കൂട്ടത്തിലാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരും,' കെ. കെ. രാഗേഷ് പറഞ്ഞു. അതേസമയം കേസില്‍ ഇനി നിയമപരമായ നീക്കങ്ങളില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സൂചിപ്പിച്ചു.