പിതാവിന്റെയും രണ്ടാനമ്മയുടയും ക്രൂരതയ്ക്ക് ഇരയായ നാലാംക്ലാസുകാരിയുടെ കവിതകള്‍ പുസ്തകമാകും; കുട്ടിയെ കാണാന്‍ വീട്ടിലെത്തി മന്ത്രി വീണാ ജോര്‍ജ്
പിതാവിന്റെയും രണ്ടാനമ്മയുടയും ക്രൂരതയ്ക്ക് ഇരയായ നാലാംക്ലാസുകാരിയുടെ കവിതകള്‍ പുസ്തകമാകും
ചാരുംമൂട്: ആലപ്പുഴയില്‍ പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരതയ്ക്ക് ഇരയായ നാലാം ക്ലാസുകാരി കുറിച്ച കവിതകള്‍ പുസ്തകമാകും. ഒമ്പതു വയസ്സുകാരിയായ കുട്ടിയെ കാണാന്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മന്ത്രി വീണാ ജോര്‍ജ് ആ കുഞ്ഞിന് നല്‍കിയ വാക്കാണിത്. കുട്ടി എഴുതിയ പന്ത്രണ്ടോളം കവിതകള്‍ വായിച്ച മന്ത്രി വീണാ ജോര്‍ജും അത്ഭുതപ്പെട്ടു. തിരുവനന്തപുരത്ത് മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ പുസ്തകം പ്രകാശനം ചെയ്യാമെന്നുകൂടി പറഞ്ഞതോടെ കുട്ടിയുടെ കണ്ണുനിറഞ്ഞു.
'കാറ്റുമൂളിവന്നു... മഴയും കുളിരും... ഞാന്‍ മയങ്ങുകയായിരുന്നു... ആ പുതുമഴ രാത്രി... ആ നാലാം ക്ലാസുകാരി നോട്ടുബുക്കില്‍ ഇങ്ങനെ കുറിച്ചിരുന്നു. കുട്ടിയെ കാണാന്‍ ശനിയാഴ്ച സന്ധ്യയോടെയാണ് താമരക്കുളത്തെ ബന്ധുവീട്ടില്‍ മന്ത്രി എത്തിയത്. മന്ത്രി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. കുട്ടിയും പിതാവിന്റെ അമ്മയും മന്ത്രിയോട് സംസാരിച്ചു.
കൈ നിറയെ മിഠായികളും നല്‍കി. കവിതകള്‍ വായിച്ചശേഷം പുസ്തകമാക്കി പ്രകാശനം ചെയ്യുന്നതിന് ഒപ്പമുണ്ടായിരുന്ന എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയെ ചുമതലപ്പെടുത്തി. ഞായറാഴ്ച സ്വന്തം വീട്ടിലേക്കു പോകണമെന്ന് അമ്മൂമ്മ പറഞ്ഞതോടെ മന്ത്രി ശിശുക്ഷേമസമിതിയുമായി ഫോണില്‍ ബന്ധപ്പെട്ടശേഷം അനുവാദം നല്‍കി.
കുട്ടി കുടുംബവീട്ടില്‍ അമ്മൂമ്മയുടെ സംരക്ഷണയില്‍ കഴിയും. തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകുന്നതിനും ക്രമീകരണം ചെയ്യും. ശിശുക്ഷേമ സമിതിയുടെയും പോലീസിന്റെയും മേല്‍നോട്ടവും സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.