അധ്യാപക നിയമനത്തിന് ഇടങ്കോല്‍ വയ്ക്കുന്നു; കണ്ണൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍ പരിശോധന

കണ്ണൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍ പരിശോധന

Update: 2025-08-11 13:10 GMT

കണ്ണൂര്‍: കണ്ണൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍ പരിശോധന. നിയമനം തടഞ്ഞുവെക്കുന്നുവെന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പരാതിയിലാണ് മന്ത്രി നേരിട്ട് പരിശോധനയക്കെത്തിയത്. ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടിയ മന്ത്രി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ സ്‌കൂളില്‍ പരിപാടിക്ക് എത്തിയപ്പോഴാണ് എട്ടു വര്‍ഷത്തോളമായി നിയമനം തടഞ്ഞു വെച്ചുവെന്ന പരാതിയുമായി വാരം യുപി സ്‌കൂളിലെ അധ്യാപകരായ അഞ്ജു,ശുഭ, അര്‍ജ്ജുന്‍ എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ടത്.

വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തര ഇടപെടല്‍. ഉടന്‍ തന്നെ പരാതിക്കാര്‍ക്കൊപ്പം കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി. വിദ്യാഭ്യാസഡപ്യൂട്ടി ഡയരക്ടര്‍ ഷൈനി, എ ഇ ഒ മുഹമ്മദ് ഇബ്രാഹിം എന്നിവരില്‍ നിന്ന് വിവരങ്ങള്‍ തേടിയ മന്ത്രി ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിയമന ആവശ്യവുമായി ബന്ധപ്പെടുമ്പോള്‍ വര്‍ഷങ്ങളായി ഉദ്യോഗസ്ഥര്‍ പലകാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് അധ്യാപകര്‍ പറഞ്ഞു. 2017 ല്‍ സ്‌കൂളില്‍ അധ്യാപികയായെത്തിയ ശുഭയും 2018 മുതല്‍ സ്‌കൂളിലുള്ള അഞ്ജുവും, അര്‍ജുനും നിയമന പ്രശ്നം മൂലം ശമ്പളമോ ആനുകൂല്യങ്ങളുമോ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നോ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നോ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

Tags:    

Similar News