ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബസിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു; സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പിതൃസഹോദരിക്ക് ഗുരുതര പരിക്ക്
ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബസിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു
പാലക്കാട്: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കൊട്ടേക്കാട് ആനപ്പാറ സ്വദേശി സതീഷിന്റെ മകള്‍ ആരതിയാണ് (13) മരിച്ചത്. ഗവ. മെഡിക്കല്‍ കോളേജിനു മുന്‍പില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് ഇടിക്കുകയായിരുന്നു. ചന്ദ്രനഗര്‍ മൂകാംബിക വിദ്യാനികേതന്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് ആരതി.
വാഹനം ഓടിച്ചിരുന്ന പിതൃസഹോദരി കൊടുമ്പ് കരിങ്കരപ്പള്ളി അമ്പലപ്പറമ്പ് ദേവി സുരേഷിനെ (38) സാരമായ പരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയോരത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് എതിര്‍വശത്തുള്ള മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ പാത മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ, തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
ഗുരുതര പരിക്കേറ്റ ആരതിയെ നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള, ദേവിയുടെ അമ്മയെ കാണാനായിരുന്നു യാത്ര. ഈ സമയത്ത് ഗുരുവായൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് ഇടിക്കുകയായിരുന്നെന്ന് ടൗണ്‍ സൗത്ത് പോലീസ് പറഞ്ഞു.
ആരതിയുടെ അച്ഛന്‍ സതീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ: ഷീബ. സഹോദരന്‍: അശ്വജിത്ത്. തമിഴ്‌നാട് സ്വദേശിയായ ബസ് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.