ഒരേ വളപ്പിലുള്ള ബന്ധുക്കളുടെ വീടുകളില്‍ മോഷണം; പിത്തള ടാപ്പുകളും പൂപ്പാത്രവും ഓട്ടുരുളിയും ചെമ്പു കുട്ടകവും മോഷ്ടിച്ചു; പ്രതികള്‍ പിടിയില്‍

Update: 2025-08-27 16:04 GMT

ഇലവുംതിട്ട: ഒരേ വളപ്പില്‍ അടച്ചിട്ടിരുന്ന ബന്ധുക്കളുടെ രണ്ട് വീടുകളില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. തിരുവല്ല തുകലശ്ശേരി പൂമംഗലം വീട്ടില്‍ പി.എസ്.ശരത്ത് (39), കൊല്ലം ഇരവിപുരം അയത്തില്‍ ജി അനില്‍ കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. ചെന്നീര്‍ക്കര മത്തങ്ങാമുക്ക് കൊച്ചുമേമുറിയില്‍ വീടുകളില്‍ കഴിഞ്ഞ 16 ന് രാത്രി ഏഴരയോടെയാണ് മോഷണം നടന്നത്. ഇരു വീടുകളില്‍ നിന്നുമായി ശുചിമുറിയിലെയും വാഷ്ബേസിനിലെയും 10 പിത്തള ടാപ്പുകളും ഹാളിലിരുന്ന പൂപ്പാത്രവും സ്റ്റോറില്‍ നിന്നും ഓട്ടുരുളിയും ചെമ്പു കുട്ടകവും മോഷ്ടിച്ചു. 18 നാണ് വീടുകളിലൊന്നിന്റെ ഉടമസ്ഥ റീബ റെനി വര്‍ഗീസ് പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട്ടില്‍ നിന്നും പിത്തള ടാപ്പുകളാണ് മോഷണം പോയത്. ഭര്‍തൃസഹോദരന്‍ രഞ്ജി വര്‍ഗീസിന്റെ വീടാണ് മോഷണം നടന്നതില്‍ രണ്ടാമത്തേത്.

റീബയുടെ വീട്ടിലെ സിറ്റൗട്ടിന്റെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത ശേഷം ഹാളിലേക്ക് കയറുന്ന പ്രധാന വാതിലിന്റെ ഒറ്റപ്പാളിക്കതക് ഇരുമ്പ് പട്ടകൊണ്ട് തിക്കിയിളക്കി ഉള്ളില്‍ കടന്നാണ് മോഷണം നടത്തിയത്. ബന്ധു വീട്ടില്‍ സിറ്റൗട്ടില്‍ കയറി ഹാളിലേക്കുള്ള വാതില്‍ ഇരുമ്പ് പട്ട ഉപയോഗിച്ച് ഇളക്കി ഉള്ളില്‍ കടന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ഓട്ടുരുളിയും ചെമ്പ് കുട്ടകവും സ്റ്റോറില്‍ നിന്നാണ് മോഷ്ടിച്ചത്. മുകളിലെയും താഴത്തെയും നിലകളിലെ ബാത്റൂമുകളില്‍ നിന്നും ടാപ്പുകളും എടുത്തു. പോലീസിന്റെ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം, വിരലടയാളവിദഗ്ധരെയും ഡോഗ് സ്‌കാഡിനെയും സ്ഥലത്തെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു.

വീടുകളിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയും കൂടുതല്‍ സാക്ഷികളെക്കണ്ട് അന്വേഷണം നടത്തുകയും ചെയ്ത പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ശരത്തിനെ രാത്രികാല പെട്രോളിങ്ങിനിടെ 20 ന് പുലര്‍ച്ചെ ഒരു മണിയോടെ ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തിന് സമീപത്തു നിന്നും പിടികൂടി. പോലീസ് വാഹനം കണ്ടു ഓടിമറയാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞു പിടികൂടുകയായിരുന്നു. ശരത് കവര്‍ച്ച മോഷണം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണ്. തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പെടെയുള്ള നാല് കേസുകളിലും വാകത്താനം, കോട്ടയം ഈസ്റ്റ്, കോയിപ്പുറം എന്നിവിടങ്ങളില്‍ ഓരോ മോഷണ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. വീടുകളുടെ വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ഇരുമ്പ്പട്ട ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പറമ്പില്‍ നിന്നും കണ്ടെടുത്തു. രണ്ടാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന്, കലഞ്ഞൂരില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു. 26 നാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച വസ്തുക്കള്‍ കോഴഞ്ചേരി തെക്കേമലയിലെ ആക്രിക്കടയില്‍ വിറ്റതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് അവിടെ എത്തിച്ച് ഇവ കണ്ടെത്തി. കൊല്ലം ഇരവിപുരം അയത്തില്‍ സ്വദേശിയായ അനില്‍കുമാര്‍ മാരാമണ്ണിലെ ഭാര്യ വീട്ടിലാണ് ഇപ്പോള്‍ താമസം. ചങ്ങനാശ്ശേരി ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് അനില്‍കുമാര്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം എസ് ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഓമാരായ ശ്രീരാജ്, രാകേഷ്, രാജന്‍, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.

Similar News