നാലാം ക്ലാസുകാരനായ മകനെയും 26 നായ്ക്കളെയും വാടക വീട്ടിലുപേക്ഷിച്ച് യുവാവ് നാടുവിട്ടു; രാത്രി വൈകിയിട്ടും അച്ഛന്‍ തിരികെ എത്താതായതോടെ വിദേശത്തുള്ള അമ്മയെ വിവരം വിളിച്ചറിയിച്ച് കുഞ്ഞ്: രക്ഷപ്പെടുത്തിയത് പോലിസെത്തി
നാലാം ക്ലാസുകാരനായ മകനെയും 26 നായ്ക്കളെയും വാടക വീട്ടിലുപേക്ഷിച്ച് യുവാവ് നാടുവിട്ടു
തൃപ്പൂണിത്തുറ: നാലാം ക്ലാസുകാരനായ മകനെയും 26 നായ്ക്കളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. വിദേശത്തു ജോലി ചെയ്യുന്ന അമ്മ പൊലീസിന്റെ സഹായത്തോടെ മകനെ സുരക്ഷിതമായി തന്റെ മാതാപിതാക്കളുടെ പക്കലേല്‍പിച്ചു. ഏരൂരിലാണ് സംഭവം. മകനെയും വളര്‍ത്ത് നായ്ക്കളെയും വീട്ടിലുപേക്ഷിച്ച് യുവാവ് മുങ്ങുക ആയിരുന്നു.
മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) പ്രവര്‍ത്തകരും ഏറ്റെടുത്തു. 30,000 രൂപ മുതല്‍ 50,000 രൂപ വരെ വിലവരുന്ന 26 നായ്ക്കളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മൂന്ന് മാസം മുന്‍പാണു സുധീഷ് എസ്. കുമാര്‍ എന്നയാള്‍ എരൂര്‍ അയ്യംപിള്ളിച്ചിറ റോഡില്‍ നാലാം ക്ലാസുകാരനായ മകനുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ചു സമീപവാസികളുടെ പരാതിയില്‍ നഗരസഭ നോട്ടിസ് നല്‍കി. തുടര്‍ന്നാണു ഞായറാഴ്ച യുവാവ് നാടുവിട്ടത്.
രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ പരിഭ്രാന്തനായ മകന്‍ ജര്‍മനിയില്‍ ജോലി ചെയ്യുന്ന അമ്മയെ വിളിച്ചു. തുടര്‍ന്ന് അമ്മ 112 ല്‍ വിളിച്ചു സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി യുവതിയുടെ മാതാപിതാക്കളെ ഏല്‍പിച്ചു. യുവാവിനെക്കുറിച്ചു വിവരമില്ല. വിശന്നു വലഞ്ഞ നായ്ക്കളുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ കൗണ്‍സിലര്‍ പി.ബി. സതീശനെ വിവരം അറിയിച്ചു. അദ്ദേഹം എസ്പിസിഎ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. നായ്ക്കളെ ഉപേക്ഷിച്ചു പോയ യുവാവിനെതിരെ പരാതി നല്‍കുമെന്ന് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ. സജീവ് പറഞ്ഞു.