സ്വകാര്യ ബസിലെ ജോലി; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
സ്വകാര്യ ബസിലെ ജോലി; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
കൊച്ചി: സ്വകാര്യബസുകളുടെ അതിവേഗവും മത്സരയോട്ടവും നിയന്ത്രിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ശരിവെച്ച് ഹൈക്കോടതി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ബസിന്റെ മുന്നിലും പിന്നിലും ഉള്ളിലും ക്യാമറ, വാഹനം എവിടെ എത്തിയെന്നറിയാന്‍ ജിയോ ഫെന്‍സിങ് സംവിധാനം എന്നിവ വേണമെന്ന നിര്‍ദേശങ്ങളാണ് ഹൈക്കോടതി ശരിവെച്ചത്.
ഡ്രൈവര്‍മാരുടെ അശ്രദ്ധകാരണം അപകടങ്ങള്‍ കൂടുന്നതും വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നെന്ന പരാതിയും കണക്കിലെടുത്താണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ദേശിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കി സംസ്ഥാന മോട്ടോര്‍ വാഹന അതോറിറ്റിയെടുത്ത തീരുമാനവും തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറും ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷനടക്കം നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ക്യാമറ സ്ഥാപിക്കാന്‍ ഒക്ടോബര്‍ 10 വരെ സമയം നീട്ടിനല്‍കി. തങ്ങളുടെ അഭിപ്രായം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സര്‍ക്കാരിനായി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ സൂര്യ ബിനോയ്, വി.എസ്. ശ്രീജിത്ത് എന്നിവര്‍ ഹാജരായി.