കോപ്പിയടി പിടിച്ചതിന് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികളുടെ പീഡന പരാതി; ചീഫ് എക്‌സാമിനറെ കുറ്റവിമുക്തനാക്കി കോടതി
വിദ്യാര്‍ത്ഥിനികളുടെ പീഡന പരാതി; ചീഫ് എക്‌സാമിനറെ കുറ്റവിമുക്തനാക്കി കോടതി
തൊടുപുഴ: കോപ്പിയടി പിടിച്ചതിന് അഡിഷനല്‍ ചീഫ് എക്‌സാമിനര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ നല്‍കിയ പീഡനക്കേസില്‍ പ്രതിയെ വെറുതെ വിട്ടയച്ച് കോടതി. തൊടുപുഴ അഡിഷനല്‍ സെഷന്‍സ് ജഡ്ജി ലൈജുമോള്‍ ഷെരീഫാണു പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥനെ നിരപരാധിയെന്ന് കണ്ട് കുറ്റവിമുക്തനാക്കിയത്. കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് അധ്യാപകനെ കള്ളക്കേസില്‍ കുടുക്കുക ആയിരുന്നു.
മൂന്നാര്‍ ഗവ. കോളജില്‍ 2014ല്‍ നടന്ന സംഭവത്തിലാണ് അധ്യാപകനെ വെറുതെ വിട്ടത്. 2014 ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ 5നും ഇടയില്‍ നടന്ന എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ഹാളില്‍ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡിഷനല്‍ ചീഫ് എക്‌സാമിനറും കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയുമായ പ്രഫ. ആനന്ദ് പിടികൂടിയിരുന്നു. സംഭവം സര്‍വകലാശാലയിലേക്കു റിപ്പോര്‍ട്ട് ചെയ്യാനായി ഇന്‍വിജിലേറ്ററെ ചുമതലപ്പെടുത്തി. എന്നാല്‍ പിടിക്കപ്പെട്ടവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്നതിനാല്‍ നിര്‍ദേശം അനുസരിക്കാന്‍ ഇന്‍വിജിലേറ്റര്‍ തയാറായില്ല.
തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥിനികളും ചേര്‍ന്ന് അധ്യാപകനെ കുടുക്കാന്‍ പദ്ധതി ഒരുക്കി. അധ്യാപകന്‍ പീഡിപ്പിച്ചെന്ന് കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കി. നാല് വിദ്യാര്‍ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പൊലീസ് 4 കേസുകളെടുത്തു. 2 കേസുകളില്‍ അധ്യാപകനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റു 2 കേസുകളില്‍ 3 വര്‍ഷം തടവിനു ശിക്ഷിച്ചു. അതു ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീലിലാണു തൊടുപുഴ അഡിഷനല്‍ സെഷന്‍സ് കോടതിയുടെ വിധി. പരാതിക്കാരെയും പൊലീസിനെയും കോടതി വിമര്‍ശിച്ചു.
അധ്യാപകനെ പീഡനക്കേസില്‍ കുടുക്കി പക വീട്ടാനുള്ള ശ്രമത്തിനു പ്രിന്‍സിപ്പല്‍ കൂട്ടുനിന്നെന്നും കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആനന്ദ് വിശ്വനാഥനു വേണ്ടി അഭിഭാഷകരായ എസ്.അശോകന്‍, ഷാജി ജോസഫ്, റെജി ജി.നായര്‍, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാര്‍, അഭിജിത് സി.ലാല്‍ എന്നിവര്‍ ഹാജരായി.