അന്ന് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ആട്ടിയോടിച്ചു; ഇന്ന് അതേ നിയമ സഭയില്‍ മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചു; സ്റ്റേറ്റ് കാറില്‍ പോലിസ് അകമ്പടിയോടെ യാത്രയും: ബേസില്‍ ജോസഫ്

അന്ന് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ആട്ടിയോടിച്ചു; ബേസില്‍ ജോസഫ്

Update: 2025-09-04 04:07 GMT

തിരുവനന്തപുരം: ഓണാഘോഷത്തിന് നിയമസഭയില്‍ അതിഥിയായി എത്തിയപ്പോള്‍ ചിരിപ്പിക്കുന്ന പഴയ കാല ഓര്‍മ്മകള്‍ പറഞ്ഞ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ. പണ്ട് നിയമസഭയ്ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ആട്ടിയോടിച്ചു. ഇന്ന് അതേ സ്ഥലത്ത് അതിഥിയായി എത്തിയെന്നും ബേസില്‍ പറഞ്ഞു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'ഓണാഘോഷം 2025' സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

പഠിക്കാനും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് നിയമസഭയ്ക്കു മുന്നിലെത്താറുണ്ടായിരുന്നെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. 'അന്ന് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ 'ഇവിടെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല, പോടാ' എന്നു പറഞ്ഞ് പൊലീസ് ആട്ടിയോടിച്ചിട്ടുണ്ട്. ഇന്ന് അതേ നിയമസഭയില്‍ അതിഥിയായി മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കാന്‍ അവസരം ലഭിച്ചു. അവിടെ നിന്നു സ്റ്റേറ്റ് കാറില്‍ പൊലീസ് അകമ്പടിയോടെ ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദി വരെ എത്താനും കഴിഞ്ഞു' ബേസില്‍ ജോസഫ് പറഞ്ഞു നിര്‍ത്തുമ്പോള്‍ സദസ്സില്‍ കയ്യടി ശബ്ദം നിറഞ്ഞു.

ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരളം പിന്തുടര്‍ന്നു വരുന്ന ക്ഷേമ സങ്കല്‍പങ്ങളെ തകര്‍ക്കാനും അപഹസിക്കാനുമുള്ള ശ്രമങ്ങള്‍ പലഭാഗങ്ങളില്‍ നിന്നുണ്ടാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുത്ത പുരോഗമന മൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പലഘട്ടങ്ങളിലും മലയാളികള്‍ ഒന്നിച്ചു. കഴിഞ്ഞ 9 വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത് ഓണം മുന്നോട്ടു വയ്ക്കുന്ന ക്ഷേമ സങ്കല്‍പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആര്‍.അനില്‍, നടന്‍ രവി മോഹന്‍ (ജയംരവി), നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, മേയര്‍ ആര്യ രാജേന്ദ്രന്‍, എ.എ.റഹീം എംപി, എംഎല്‍എമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍, ഐ.ബി.സതീഷ്, വി.കെ.പ്രശാന്ത്, വി.ജോയി, ഡി.കെ.മുരളി, ജി.സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    

Similar News