അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ്

Update: 2025-09-06 06:51 GMT

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ് മരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബുധനാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് പിന്നില്‍ കാലാവസ്ഥാ വ്യതിയാനവും പരിശോധനകള്‍ വര്‍ധിച്ചതും ഉള്‍പ്പെടെ കാരണമെന്ന് വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനവും ജലസ്രോതസ്സുകളിലെ മലിനീകരണവും രോഗകാരിയായ അമീബയുടെ സാന്നിധ്യം കൂട്ടാന്‍ കാരണമാകുന്നു. സമാന ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പരിശോധന നടത്തുന്നതും കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബയാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിന്റെ ചൂട് കൂടിയത് സമീപ കാലങ്ങളിലായി അമീബയുടെ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News