മദ്യപിച്ച് വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തു; ശ്രീകാര്യത്ത് അയല്‍വാസിയും സംഘവും സഹോദരങ്ങളെയും ബന്ധുവിനെയും കുത്തിപ്പരിക്കേല്‍പിച്ചു
ശ്രീകാര്യത്ത് അയല്‍വാസിയും സംഘവും സഹോദരങ്ങളെയും ബന്ധുവിനെയും കുത്തിപ്പരിക്കേല്‍പിച്ചു
തിരുവനന്തപുരം: ശ്രീകാര്യം പനങ്ങോട്ടുകോണത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്ന് മൂന്നുപേരെ കുത്തിപ്പരിക്കേല്‍പിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
സഞ്ജയും സംഘവും മദ്യപിച്ച് വീടിന് മുന്നില്‍ പരസ്പരം ചീത്ത വിളിച്ചിരുന്നു. ഈ സമയം അവിടെയെത്തിയ രാജേഷും കുടുംബവും ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സഞ്ജയ് വീട്ടില്‍ കയറി കത്തിയെടുത്ത് സുഹൃത്തുക്കളുമൊത്ത് മൂന്നു പേരെയും കുത്തിപ്പരിക്കേല്‍പ്പിച്ചു എന്നാണ് വിവരം.
രാജേഷിന്റെ കൈയിലാണ് കുത്തേറ്റത്. രതീഷിന് മുതുകിലും രഞ്ജിത്തിന് കാലിലും കുത്തേറ്റു. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു. സഞ്ജയ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ മുന്നില്‍ വച്ചായിരുന്നു അക്രമം.