പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വീട്ടുകാരറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷം; പ്രസവത്തിന് പിന്നാലെ പോക്‌സോ കേസെടുത്തത് അറിഞ്ഞ് ആണ്‍സുഹൃത്ത് ഒളിവില്‍; 20കാരന്‍ അറസ്റ്റില്‍

Update: 2025-09-08 08:43 GMT

കൊച്ചി: പതിനേഴ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവിലായിരുന്ന 20കാരനായ ആണ്‍സുഹൃത്ത് അറസ്റ്റില്‍. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്‌കറിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷമാണ് വിവരം വീട്ടുകാര്‍ അറിഞ്ഞത്.

കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വച്ച് പെണ്‍കുട്ടി പ്രസവിച്ചു. പിന്നാലെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ അലിഫ് അഷ്‌കര്‍ വിവരമറിഞ്ഞ് ഒളിവില്‍ പോയി. കൊച്ചി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയ പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

എറണാകുളം എസിപി പി.രാജ്കുമാറിന്റെ നിര്‍ദേശ പ്രകാരം പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രൂപേഷ് കെആറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ മിഥുന്‍ മോഹന്‍, എഎസ്‌ഐ സിനി സിപി, എസ്സിപിഒമാരായ അഖില്‍ പത്മന്‍, പ്രശാന്ത് പി, അനീഷ് എന്‍എ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Similar News