പാര്‍ട്ടി ലെവി അടക്കാത്ത ജനപ്രതിനിധികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് മുസ്ലിം ലീഗ്
മലപ്പുറം: പാര്‍ട്ടി ലെവി അടക്കാത്ത ജനപ്രതിനിധികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് മുസ്ലിം ലീഗ്. ഈ മാസം 20നകം വീഴ്ച വന്ന ലെവി കുടിശ്ശിക അടച്ചുതീര്‍ക്കണം. ബാഫഖി തങ്ങള്‍ സെന്റര്‍ നിര്‍മ്മാണത്തിന് ഓണറേറിയം നല്‍കാത്തവര്‍ക്കും പാര്‍ട്ടി മത്സരവിലക്ക് ഏര്‍പ്പെടുത്തും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലപാട് കടുപ്പിക്കുകയാണ് മുസ്ലിം ലീഗ്.
പാര്‍ട്ടി ലെവി നല്‍കാത്തവര്‍ക്കും ബാഫഖി തങ്ങള്‍ സെന്റര്‍ നിര്‍മാണത്തിന് ഒരു മാസത്തെ ഓണറേറിയം നല്‍കാത്ത ജന പ്രതിനിധികള്‍ക്കും ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടി പത്രത്തിന്റെ വരിക്കാര്‍ അല്ലാത്ത ജനപ്രതിനിധികളുടെ വിവരങ്ങളും നേതൃത്വത്തിന് കൈമാറും.
ഇത്തരം ജനപ്രതിനിധികളുടെ വിവരവും മത്സര അയോഗ്യതയും സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ശിപാര്‍ശ നല്‍കാന്‍ തീരുമാനമെടുത്തങ്കിലും വീഴ്ച വന്ന ലെവിയും, ഓണറേറിയവും അടക്കുന്നതിനും പാര്‍ട്ടി പത്രത്തിന്റെ വാര്‍ഷിക വരിക്കാരാവുന്നതിനും സെപ്റ്റംബര്‍ 20 വരെ സമയം അനുവദിക്കാനാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. ഈ സമയപരിധി കഴിഞ്ഞാവും വിവരങ്ങള്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് നല്‍കുക. കഴിഞ്ഞ വര്‍ഷം തന്നെ പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തിരുന്നങ്കിലും അന്ന് കുറച്ച് പേര്‍ ലെവിയും ഓണറേറിയവുമടച്ച് നടപടികളില്‍ നിന്ന് ഒഴിവായിരുന്നു.