ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര; നാളെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി

Update: 2025-09-08 11:45 GMT

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയെ തുടര്‍ന്ന് സെപ്തംബര്‍ 9-ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. നഗരത്തിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്കു ശേഷവും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ നേരത്തെ അറിയിച്ചു.

വൈകിട്ട് നാല് മണിക്ക് മാനവീയം വീഥിയില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ സമാപിക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലെക്കര്‍ ഘോഷയാത്രയ്ക്ക് ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. 51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൊമ്പ് കൈമാറുന്നതോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും.

ആയിരത്തോളം കലാകാരന്മാരുടെ വിവിധ സാംസ്‌കാരിക കലാരൂപങ്ങളും അറുപതോളം ഫ്ളോട്ടുകളും ഘോഷയാത്രയുടെ ഭാഗമാകും. സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാന പ്രമേയമാക്കി ഫ്ളോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. 91 ദൃശ്യശ്രവ്യ കലാരൂപങ്ങളും കരസേനയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രയ്ക്ക് നിറമേകും.

ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് അറിയിച്ചു. കവടിയാര്‍, വെള്ളയമ്പലം, മ്യൂസിയം, എല്‍എംഎസ്, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ജ്, പഴവങ്ങാടി, കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട, ഈഞ്ചക്കല്‍, കല്ലുമ്മൂട് വരെയുള്ള മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ വിലക്കുണ്ടാകും.

Tags:    

Similar News