ഓണത്തോട് അനുബന്ധിച്ച് കോന്നിയില്‍ നടക്കുന്ന കരിയാട്ടം എന്ന ഫെസ്റ്റില്‍ വേടനെത്തും; പീഡനക്കേസ് പ്രതിയ്ക്ക് വീണ്ടും സര്‍ക്കാര്‍ വേദി
പത്തനംതിട്ട: വിവാദ റാപ്പ് ഗായകന്‍ വേടന് (ഹിരണ്‍ദാസ് മുരളി) വീണ്ടും സര്‍ക്കാര്‍ വേദിയൊരുക്കുന്നു. ഓണത്തോട് അനുബന്ധിച്ച് കോന്നിയില്‍ നടക്കുന്ന കരിയാട്ടം എന്ന ഫെസ്റ്റില്‍ ഇന്ന് വൈകിട്ട് 7.30നാണ് വേടന്റെ ഷോ നടക്കുന്നത്. കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഏതാനും വര്‍ഷമായി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കഞ്ചാവ് കേസില്‍ കുടുങ്ങിയതോടെ സര്‍ക്കാരിന്റെ പരിപാടികളില്‍ നിന്ന് വേടനെ ഒഴിവാക്കിയിരുന്നു. പിന്നീടാണ് ഒന്നിനു പിറകെ ഒന്നായി പീഡന പരാതികളുമായി സ്ത്രീകള്‍ രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവിലായിരുന്ന വേടന്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനുശേഷം ആദ്യമായാണ് പൊതു വേദിയില്‍ എത്തുന്നത്. ഒരാഴ്ചയായി നടക്കുന്ന ഫെസ്റ്റ് ഇന്ന് സമാപിക്കും. എന്നാല്‍ പരിപാടി പ്രഖ്യാപിച്ചതോടെ സുരക്ഷാ സംവിധാനം ഒരുക്കുന്നതില്‍ പോലീസും ആശങ്കയിലാണ്.
കോന്നി പ്രധാന കവലയില്‍ നിര്‍ദ്ദിഷ്ട കെഎസ്ആര്‍ടിസി ഡിപ്പോ ഗ്രൗണ്ടിലാണ് പരിപാടി. 25,000 പേരെ മാത്രം ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കാനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.