വയനാട് ചുണ്ടേലില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി; വീടിനു മുന്നിലൂടെ പുലി പോകുന്ന സിസിടിവി ദൃശ്യം പുറത്ത്

Update: 2025-09-08 06:47 GMT

കല്‍പറ്റ: വയനാട് ചുണ്ടേലില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയില്‍. വീടിനു മുന്നിലൂടെ പോകുന്ന പുള്ളിപ്പുലിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് പുലി ചുണ്ടേല്‍ കണ്ണന്‍ചാത്ത് പ്രദേശത്തെത്തിയത്. കണ്ണന്‍ചാത്തിലെ വിജേഷിന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളില്‍ പുലി സാന്നിധ്യം വ്യക്തമായതോടെ പുലിയെ വനംവകുപ്പ് കൂടുവച്ചു പിടികൂടണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

കഴിഞ്ഞയാഴ്ചയും പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചുണ്ടേല്‍ കണ്ണന്‍ചാത്ത് കൂരിയില്‍ ഉണ്ണികൃഷ്ണന്റെ വീടിനു മുന്നിലാണ് വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ പുലിയും കുട്ടിയുമെത്തിയത്. ഉണ്ണികൃഷ്ണന്‍ ജോലിക്കു പോയതിനു പിന്നാലെ ഭാര്യ ബിനീഷ വീടിന് മുന്നിലിറങ്ങിയപ്പോഴാണ് പുലിയെ കണ്ടത്.

വീടിന് തൊട്ടടുത്ത് പുലി നില്‍ക്കുകയായിരുന്നു. ഇതു കണ്ടു ഭയന്ന ബിനീഷ ഓടി വീടിനകത്ത് കയറി വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയെങ്കിലും വീടിനു മുന്നിലെ തേയിലച്ചെടികള്‍ക്കിടയിലേക്ക് പുലിയും കുഞ്ഞും മറയുകയായിരുന്നു. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ച് പുലിയാണെന്ന് ഉറപ്പുവരുത്തിയിരുന്നു. പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും അന്ന് പുലിയെ കണ്ടെത്താനായിരുന്നില്ല.

Similar News