മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ശനിയാഴ്ച തലസ്ഥാനത്ത് വന്‍ സ്വീകരണം
തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ നടന്‍ മോഹന്‍ലാലിന് വന്‍ സ്വീകരണമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്ച, തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മോഹന്‍ലാലിന്റെയും മുഖ്യമന്ത്രിയുടെയും സൗകര്യം നോക്കി ആദരം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മോഹന്‍ലാലിന്റെ സിനിമ യാത്രകള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു ജൂറിയുടെ അഭിപ്രായം. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു ശേഷം രണ്ടാമത് ഈ പുരസ്‌കാരം ലഭിച്ച മലയാളി ആണ് മോഹന്‍ലാല്‍. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ സജിചെറിയാന്‍ നാളെ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.