കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ആണ്‍സുഹൃത്തിന്റെ വീട്ടില്‍; 22കാരിയെ കൈകാലുകള്‍ കെട്ടിയശേഷം വീപ്പയ്ക്കുള്ളിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവാവ്: ഉത്തരേന്ത്യയില്‍ ആശങ്കയായി ബ്ലൂ ഡ്രം കൊലപാതകങ്ങള്‍

കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ആണ്‍സുഹൃത്തിന്റെ വീട്ടില്‍

Update: 2025-10-04 00:28 GMT

ഭോപാല്‍: മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ലക്ഷിത ചൗധരി എന്ന 22കാരിയുടെ മൃതദേഹമാണ് അഴുകിയനിലയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വീട്ടിനുള്ളിലെ വീപ്പയ്ക്കുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് മോനു എന്ന മനോജ് ചൗഹാനെ(35) പോലീസ് അറസ്റ്റ്ചെയ്തു.

ലക്ഷിതയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷിതയെ കൈകാലുകള്‍ കെട്ടിയശേഷം വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. മരണം ഉറപ്പിച്ചതോടെ മൃതദേഹം ഒരു പുതപ്പിട്ട് മൂടിയശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.

സെപ്റ്റംബര്‍ 29 മുതലാണ് ലക്ഷിതയെ കാണാതായത്. കോളജിലേക്ക് എന്ന് പറഞ്ഞാണ് ലക്ഷിത വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ഇതോടെ വീട്ടുകാര്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് ലക്ഷിതയും മനോജ് ചൗഹാനും തമ്മില്‍ അടുപ്പത്തിലാണെന്ന് വ്യക്തമായത്. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയായ മനോജിന്റെ വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, സെപ്റ്റംബര്‍ 29-ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി പോലീസിനെയും ലക്ഷിതയുടെ വീട്ടുകാരെയും കബളിപ്പിക്കാനും ശ്രമം നടത്തി. ലക്ഷിതയും താനും ഒരുമിച്ചുണ്ടെന്നും തങ്ങള്‍ ഒരുയാത്രയിലാണെന്നും ഇയാള്‍ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച വൈകീട്ടോടെ ലക്ഷിതയെ താന്‍ കൊലപ്പെടുത്തിയതായി പ്രതിതന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. മൃതദേഹം വാടകവീട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ പ്രതി പോലീസില്‍ കീഴടങ്ങുകയുംചെയ്തു.

പ്രതിയുടെ മൊഴിയനുസരിച്ച് പോലീസ് ഇയാളുടെ വാടകവീട്ടില്‍ പരിശോധന നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഗര്‍ബ നൃത്തത്തിനുള്ള വസ്ത്രം ധരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ലക്ഷിതയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന വിവരം തനിക്ക് കിട്ടിയെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രതിയുടെ മൊഴി. ഒരുവര്‍ഷമായി താനും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബര്‍ എട്ടുവരെ പോലീസ് കസ്റ്റഡിയില്‍വിട്ടു.

അതേസമയം വീപ്പയില്‍ മൃതദേഹം ഒളിപ്പിക്കുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ ആവര്‍ത്തിക്കുകയാണ്. മീററ്റില്‍ യുവാവിനെ കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയിലാക്കി ഉപേക്ഷിച്ച സംഭവം അടുത്തിടെയാണ് ഉണ്ടായത്. രാജസ്ഥാനിലെ ആല്‍വാറിലും നീല വീപ്പയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. വീപ്പയില്‍ മൃതദേഹത്തിനൊപ്പം സിമന്റ് മിശ്രിതം ചേര്‍ത്ത ശേഷം കുഴിച്ചിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

Tags:    

Similar News