ഹൗസ്‌ബോട്ടിലെ സംഘര്‍ഷം; തമിഴ്‌നാട് സ്വദേശിയുടെ മരണം ഹൃദയാഘാതം മൂലം

ഹൗസ്‌ബോട്ടിലെ സംഘര്‍ഷം; തമിഴ്‌നാട് സ്വദേശിയുടെ മരണം ഹൃദയാഘാതം മൂലം

Update: 2025-10-09 02:34 GMT

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് ജീവനക്കരും സഞ്ചാരികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചെന്നൈ അജീസ് മുഹമ്മദ് ഗൗസ് സ്ട്രീറ്റ് ഓള്‍ഡ് വാഷര്‍മെന്‍ ഗേറ്റ് സ്വദേശി വൈ. മുഹമ്മദ് സുല്‍ത്താനാണ് ചൊവ്വാഴ്ച രാവിലെ ആലപ്പുഴ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ മരിച്ചത്. മുന്‍പ് രണ്ടുതവണ ഹൃദയാഘാതം ഉണ്ടായിട്ടുള്ള ഇദ്ദേഹത്തിന് 90ഉം 80-ഉം ശതമാനമുള്ള രണ്ടു വലിയ ബ്ലോക്കുകളാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സുല്‍ത്താനടങ്ങുന്ന 30 അംഗ സംഘം ചൊവ്വാഴ്ച രാവിലെ പുരവഞ്ചിയില്‍നിന്നു ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് മേശയുടെ ചില്ലു പൊട്ടിയിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ പൈസ ചോദിച്ചതോടെ ജീവനക്കാരും സഞ്ചാരികളും തമ്മില്‍ തര്‍ക്കവും കൈയാങ്കളിയുമുണ്ടായി. ഇതിനിടയില്‍ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോര്‍ത്ത് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.

അതേസമയം ഹൗസ്് ബോട്ട് ജീവനക്കാരും സഞ്ചാരികള്‍ക്കുമിടയിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് സുല്‍ത്താന്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. വീഡിയോ കണ്ടെന്നും തമിഴ്‌നാട്ടില്‍ തിരികെയെത്തിയശേഷം ബന്ധുക്കളാകാം വീഡിയോ പ്രചരിപ്പിച്ചതെന്നും ടൂറിസം പോലീസ് പറഞ്ഞു. അതേസമയം മരിച്ചയാളുടെ ബന്ധുക്കള്‍ ഇതുവരെ പുരവഞ്ചി ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Tags:    

Similar News