മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണ്ണ വിവാദം; പോലീസില്‍ പരാതി നല്‍കി; ഒന്നിലേറെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണത്തില്‍ അവ്യക്തത

Update: 2025-10-10 06:52 GMT

കോഴിക്കോട്: ബാലുശ്ശേരി കോട്ട ക്ഷേത്രത്തില്‍ സ്വര്‍ണം കടത്തിയതിനു സമാനമായി മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൂടുതല്‍ ക്ഷേത്രങ്ങളില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍. മുന്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി.ടി.വിനോദന്‍ കീഴരിയൂര്‍ എളമ്പിലാട് ക്ഷേത്രത്തിലെ സ്വര്‍ണം ഇതുവരെ കൈമാറിയില്ലെന്ന് നിലവിലെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബോര്‍ഡിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സംഭവത്തിലും നടുവത്തൂര്‍ ശിവക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തിലും കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.

പേരാമ്പ്രയ്ക്കടുത്ത് പനക്കാട് ക്ഷേത്രത്തിലെ സ്വര്‍ണം കൊണ്ടുപോയ സംഭവത്തില്‍ പേരാമ്പ്ര പൊലീസിലും ബാലുശ്ശേരി നിര്‍മല്ലൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണം കൊണ്ടുപോയ സംഭവത്തില്‍ ബാലുശ്ശേരി പൊലീസിലുമാണ് പരാതി നല്‍കിയത്. പുതിയ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഈ മൂന്നു ക്ഷേത്രങ്ങളുടെയും ചുമതല ഏറ്റെടുത്തത് ആറു മാസം മുന്‍പാണ്. അതിനു മുന്‍പത്തെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് തൊട്ടുമുന്‍പ് ചുമതലയിലുണ്ടായിരുന്ന വിനോദന്‍ സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ കൈമാറിയിരുന്നില്ല. പുതിയ എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കും റെക്കോര്‍ഡ് പുസ്തകങ്ങള്‍ മാത്രമാണ് ലഭിച്ചത്. സ്വര്‍ണം തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെതായതോടെയാണ് ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

Similar News