തളിപ്പറമ്പ് നഗരത്തെയാകെ ബാധിച്ച വന്‍ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 40 സ്ഥാപനങ്ങള്‍; 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിവരം
തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 40 സ്ഥാപനങ്ങള്‍. 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. പൊലീസ് -റവന്യൂ, - ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തുന്നുണ്ട്. നഗരത്തിലെ ദേശീയ പാതയോട് ചേര്‍ന്നുള്ള പ്രധാന വ്യാപാര കേന്ദ്രമായ കെ വി കോംപ്ലക്‌സില്‍ ആകെ 112 കടമുറികളാണുള്ളത്. ഇതില്‍ 101 മുറികളിലും തീ പിടിച്ചു പൂര്‍ണമായും നശിച്ചു. ആകെ 400 തൊഴിലാളികള്‍ വരെ ഈ വ്യാപാര കേന്ദ്രങ്ങളില്‍ ജോലിക്കുണ്ടായിരുന്നു. ആര്‍ക്കും ആളപായമില്ല എന്നതാണ് ആശ്വാസകരം.
22 മുറികളിലായി പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സ്റ്റോറ്റിന്റെ ഗോഡൗണ്‍ ഉള്‍പ്പടെയാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. ഇത്തരത്തില്‍ സാധനങ്ങള്‍ സൂക്ഷിച്ച 83 മുറികളാണുള്ളത്. ആറ് മുറികള്‍ വീതമുള്ള രാജധാനി സൂപ്പര്‍ മാര്‍ക്കറ്റ്, ബോയ് സോണ്‍ എന്നിവയും പൂര്‍ണമായും നശിച്ചു. അതിനിടെ തളിപ്പറമ്പ് തീപിടുത്തത്തില്‍ കെ വി കോംപ്ലക്‌സ് ഉടമ പി പി മുഹമ്മദ് റിഷാദിന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രഥമ വിവരറിപ്പോര്‍ട്ടിലുണ്ട്. തീ പടര്‍ന്നത് ട്രാന്‍സ്ഫോര്‍മറില്‍ നിന്നെന്ന് സംശയമെന്നും പരാതിയില്‍ പറയുന്നു.
വ്യാഴം വൈകിട്ട് അഞ്ചിനാണ് നഗരസഭാ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ദേശീയപാതയിലെ ചെരിപ്പ് കട മാക്‌സ്‌ട്രോയുടെ ഒന്നാം നിലയില്‍ ആദ്യം തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു. തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍ പെരിങ്ങോം, മട്ടന്നൂര്‍ കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ യൂണിറ്റുകളില്‍ നിന്നുള്ള അഗ്‌നിരക്ഷ സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.