കാട്ടൂര്‍ കടവില്‍ നന്താനത്തുപറമ്പില്‍ ലക്ഷ്മി കൊല; നാല് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്; മൂന്ന് പേരെ വെറുതെ വിട്ടു

Update: 2025-10-10 07:37 GMT

ഇരിങ്ങാലക്കുട : കാട്ടൂര്‍ കടവില്‍ നന്താനത്തുപറമ്പില്‍ ലക്ഷ്മി (43)യെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

കാട്ടൂര്‍ കടവില്‍ നന്തിലത്തു പറമ്പില്‍ വീട്ടില്‍ ദര്‍ശന്‍ കുമാര്‍ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടില്‍ നിഖില്‍ ദാസ് (35), പുല്ലഴി ഒളരിയില്‍ നങ്ങേലി വീട്ടില്‍ ശരത്ത് (36) , ചൊവ്വൂര്‍ പാറക്കോവില്‍ കള്ളിയത്ത് വീട്ടില്‍ രാകേഷ് (32) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എന്‍ വിനോദ് കുമാര്‍ ശിക്ഷിച്ചത്. പിഴ തുകയില്‍ നിന്ന് 2,00,000 രൂപ കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവിനും മക്കള്‍ക്കും നഷ്ടപരിഹാരമായി നല്‍കണം. 5, 6, 7 പ്രതികളെ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കണ്ട് വെറുതെ വിട്ടു.

2021 ഫെബ്രുവരി 14ന് രാത്രി പത്തരയോടെയായിരുന്നു കാട്ടൂര്‍കടവിലെ വാടകവീടിനു മുന്നിലുള്ള റോഡില്‍ വെച്ച് ലക്ഷ്മിയെ തോട്ടയെറിഞ്ഞ് വീഴ്ത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഗുണ്ടാലിസ്റ്റിലുള്ള കാട്ടൂര്‍കടവ് നന്താനത്തുപറമ്പില്‍ ഹരീഷാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. ദര്‍ശന്‍കുമാര്‍ കാട്ടൂര്‍ സ്റ്റേഷന്‍ ഗുണ്ടാ ലിസ്റ്റില്‍ പേരുള്ളയാളും വിവിധ സ്റ്റേഷന്‍ പരിധികളാലായി 15 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയുമാണ്. ചേര്‍പ്പ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട രാകേഷ് കൊലക്കേസുള്‍പെടെ ഏഴ് ക്രിമിനല്‍ക്കേസുകളില്‍െ പ്രതിയാണ്.

Similar News