പേരാമംഗലത്തെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച; അന്യസംസ്ഥാന തൊളിലാളിയായ പ്രതി പിടിയില്‍
പേരാമംഗലത്തെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച; പ്രതി പിടിയില്‍
പേരാമംഗലം: ചിറ്റിലപ്പിള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ചിറ്റിലപ്പിള്ളി പഴമ്പുഴ ശ്രീമഹാവിഷ്ണുക്ഷേത്രം, പണിക്കപ്പറമ്പ് കുടുംബക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി ബിശ്വജിത്ത് ബയേന്‍ (30) ആണ് പേരാമംഗലം പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. പഴമ്പുഴ ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച പഞ്ചലോഹത്തിടമ്പ്, പ്രഭാമണ്ഡലം, വെള്ളി ആഭരണങ്ങള്‍ എന്നിവ പോലീസ് വീണ്ടെടുത്തു. പണിക്കപ്പറമ്പ് കുടുംബക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇയാള്‍ മോഷ്ടിച്ചത്. പഞ്ചലോഹത്തിടമ്പ്, പ്രഭാമണ്ഡലം, വെള്ളി ആഭരണങ്ങള്‍ എന്നിവ പ്രതിയുടെ വീട്ടില്‍നിന്നും ഭണ്ഡാരം ഇയാള്‍ താമസിക്കുന്നതിന് സമീപമുള്ള പാടത്തുനിന്നും കണ്ടെടുത്തു.
പുലര്‍ച്ചെ രണ്ടുമണിയോടെ ക്ഷേത്രത്തില്‍ കയറിയ ഉടന്‍ മോഷ്ടാവ് സിസിടിവി കേടാക്കിയിരുന്നു. എന്നാല്‍, ക്ഷേത്രത്തിനടുത്തേക്ക് ഒരാള്‍ സൈക്കിളില്‍ വരുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. 10 മിനിറ്റിനുള്ളില്‍ അടുത്ത ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തി. മോഷണം നടത്തുന്നതിനുമുമ്പ് പ്രതി ഇതുവഴി വന്നിട്ടുണ്ടാകാമെന്ന നിഗമനമാണ് കേസ് തെളിയിച്ചത്. ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി വന്ന മറുനാടന്‍ തൊഴിലാളിയുടെയും മോഷ്ടാവിന്റെയും സൈക്കിളില്‍ തോന്നിയ സാമ്യവും കേസ് തെളിയിക്കാന്‍ സഹായിച്ചു.
എസിപി കെ.ജി. സുരേഷ്, പേരാമംഗലം എസ്എച്ച്ഒ കെ.സി. രതീഷ്, എസ്.ഐ. അശോക്കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീദേവി, സീനിയര്‍ സിപിഒ കൃഷ്ണകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, രജിത്ത്, അജിത്ത്, ഷിബിന്‍, കിരണ്‍, ബിനു റിച്ചാര്‍ഡ്, എസിപിയുടെ അന്വേഷണസംഘത്തിലെ അംഗങ്ങളായ പി. ഹരീഷ്‌കുമാര്‍, വി.ബി. ദീപക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.