റേഷന്‍ വ്യാപാരികളുടെ വേതനവര്‍ധന; മെല്ലെപ്പോക്കുമായി ധനവകുപ്പ്
റേഷന്‍ വ്യാപാരികളുടെ വേതനവര്‍ധന; മെല്ലെപ്പോക്കുമായി ധനവകുപ്പ്
കൊല്ലം: റേഷന്‍ വ്യാപാരികളുടെ വേതനവര്‍ധന നടപ്പാക്കുന്നതിന് തടയിട്ട്. ധനവകുപ്പ്. വേതനവര്‍ധന സംബന്ധിച്ച് പഠനം നടത്തിയ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ മാസങ്ങളായിട്ടും ധനവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. ഏഴുവര്‍ഷം മുന്‍പുള്ള അതേ നിരക്കിലാണ് റേഷന്‍ വ്യാപാരികള്‍ക്ക് ഇപ്പോഴും വേതനം ലഭിക്കുന്നത്. ഇത് പരിഷ്‌കരിക്കണമെന്ന റേഷന്‍ വ്യാപാരി സംഘടനകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ പഠനത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്, സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ രണ്ടുമാസംമുന്‍പ് ധനവകുപ്പിന് കൈമാറി. സംഘടനകള്‍ രണ്ട് വകുപ്പുകളിലെയും മന്ത്രിമാരെക്കണ്ട് സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇടത് അനുകൂല വ്യാപാരി സംഘടനയടക്കം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുകയും ചെയ്തു.
പതിന്നാലായിരത്തോളം റേഷന്‍ വ്യാപാരികളാണ് സംസ്ഥാനത്തുള്ളത്. 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വില്‍ക്കുന്ന വ്യാപാരികള്‍ക്ക് 18,000 രൂപയാണ് വേതനമായി ലഭിക്കുന്നത്. അതില്‍ത്താഴെ വില്‍ക്കുന്നവര്‍ക്ക് 8,500 രൂപയും. കൂടുതലുള്ള ഓരോ ക്വിന്റലിനും 220 രൂപയും നല്‍കും. 45 ക്വിന്റലിനുമേല്‍ വില്‍ക്കുന്ന ഓരോ ക്വിന്റലിനും 180 രൂപ വീതം അധികം ലഭിക്കും.
പല റേഷന്‍ കടകളിലും വില്‍പ്പന കുറവായതിനാല്‍ എണ്ണായിരത്തോളം രൂപമാത്രം കിട്ടുന്ന സ്ഥിതിയാണ്. കടകള്‍ വാടകയ്ക്ക് എടുക്കാനുള്ള അഡ്വാന്‍സ്, വാടക, വൈദ്യുതി ബില്‍, ജീവനക്കാരുടെ ശമ്പളം എന്നിങ്ങനെ ചെലവെല്ലാം വരുമാനത്തില്‍നിന്ന് കണ്ടെത്തണം. വ്യാപാരികള്‍ക്ക് മിനിമം വേതനമെങ്കിലും ലഭിക്കുന്ന വിധത്തിലുള്ള പരിഷ്‌കരണമാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ ആവശ്യപ്പെടുന്നത്.