ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സ് ഫ്‌ലാഗ് ഓഫ് ചെയ്തു; ലിംഗസമത്വത്തിലെ മുന്നേറ്റത്തിലെ ധീരമായ ചുവടെന്ന് മന്ത്രി പി രാജീവ്

Update: 2025-10-14 08:07 GMT

കൊച്ചി: വനിതാ ശാക്തീകരണത്തില്‍ കേരളം കൈവരിക്കുന്ന പുതിയ മുന്നേറ്റങ്ങള്‍ സംസ്ഥാനത്തിന്റെ ജനാധിപത്യത്തിന്റെ വിജയമാണന്ന് വ്യവസായം-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

നൈപുണ്യ ശേഷി വികസിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ നല്‍കിയാല്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കാന്‍ കഴിവുള്ള വിദ്യാസമ്പന്നരായ വീട്ടമ്മമാര്‍ കേരളത്തില്‍ നിരവധിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫഷണല്‍ ഡ്രൈവിംഗ് മേഖലയില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കി അവരെ ശാക്തീകരിക്കുന്നതിനായി ഐബിഎസ് സോഫ്റ്റ്വെയറിന്റെ സിഎസ്ആര്‍(സാമൂഹ്യ പ്രതിബദ്ധത) സംരംഭമായ ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സ് ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

സിഎസ്ആര്‍ സംരംഭമെന്നതിലുപരി, ലിംഗസമത്വത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ പ്രത്യക്ഷത്തില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സിലൂടെ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ ദൂരവ്യാപകമായ ഗുണഫലങ്ങള്‍ നല്‍കാന്‍ കഴിയുന്ന സാമൂഹിക കാഴ്ചപ്പാടുണ്ട്.

ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്ന് കാമ്പസിലെ ഐബിഎസ് കാമ്പസിലാണ് ചടങ്ങ് നടന്നത്. ഉമാ തോമസ് എംഎല്‍എ, കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച് നാഗരാജു, എറണാകുളം ജില്ലാ കളക്ടര്‍ പ്രിയങ്ക ജി., ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (കൊച്ചി സിറ്റി) ജെ. മഹേഷ്, ഐബിഎസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വനിതകളുടെ നൈപുണ്യം, പ്രൊഫഷണലിസം, ആത്മവിശ്വാസം എന്നിവയ്ക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് പുറമെ ഉപജീവനമാര്‍ഗ്ഗവും സാമ്പത്തിക സ്വാതന്ത്ര്യവും നല്‍കി അവരെ ശാക്തീകരിക്കാനുള്ള ഐബിഎസ്സിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സ്. ലാഭേച്ഛയില്ലാത്ത ഈ ഉദ്യമത്തിലൂടെ ഡ്രൈവിംഗ്, സോഫ്റ്റ് സ്‌കില്‍സ്, ആതിഥ്യമര്യാദ, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കല്‍ തുടങ്ങിയവയില്‍ സൗജന്യ പരിശീലനം നല്‍കുന്നു. കൂടാതെ വാഹനങ്ങളുടെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍, നാവിഗേഷന്‍ സാങ്കേതികവിദ്യ, സ്വയം പ്രതിരോധം എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്.

Similar News