മേയാന്‍ വിട്ട 200 കിലോ തൂക്കമുള്ള പോത്തിനെ കടത്തിക്കൊണ്ടു പോയി കശാപ്പ് നടത്തി; പിടിയിലായ പ്രതിയുമായി തെളിവെടുക്കുന്നതിനിടെ നാടകീയമായി മൂന്നാം പ്രതിയുടെ കീഴടങ്ങല്‍; അവശേഷിക്കുന്ന പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി റാന്നി-പെരുനാട് പോലീസ്
പോത്തിനെ മോഷ്ടിച്ചു കടത്തി കശാപ്പ് ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍
പത്തനംതിട്ട: പോത്തിനെ മോഷ്ടിച്ചു കടത്തി കശാപ്പ് ചെയ്തുവെന്ന കേസില്‍ രണ്ടു പ്രതികളെ റാന്നി-പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ആങ്ങമൂഴി ഇടുപ്പുകല്ലില്‍ പുത്തന്‍വീട്ടില്‍ പ്രമോദ് (27), ചിറ്റാര്‍ പാമ്പിനി കൃഷ്ണ മംഗലത്ത് ജിതിന്‍കുമാര്‍ (27) എ്ന്നിവരാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ ജിതിനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രമോദ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസില്‍ മൂന്നാം പ്രതിയാണ് പ്രമോദ്.
ചിറ്റാര്‍ ബിമ്മരം ഈട്ടിമൂട്ടില്‍ ത്രിദീപിന്റെ പോത്തിനെയാണ് പ്രതികള്‍ മോഷ്ടിച്ച് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് പോയത്. കര്‍ഷകനായ ത്രിദീപിന് ഏഴു പശുക്കളും രണ്ടു പോത്തുകളുമാണുള്ളത്. എല്ലാ ദിവസവും കാലത്ത് വീട്ടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെയുള്ള റബര്‍ തോട്ടത്തില്‍ കാലികളെ മേയാന്‍ വിടുന്ന പതിവുണ്ട്. ഇങ്ങനെ വിട്ട പോത്തുകളില്‍ 200 കിലോ തൂക്കം വരുന്നതും അറുപതിനായിരം രൂപ മതിപ്പു വിലയുള്ളതുമായ പോത്തിനെയാണ് മോഷ്ടിച്ചത്.
പോത്തിനെ കാണാതെ വന്നപ്പോള്‍ ത്രീദീപ് നടത്തിയ തെരച്ചിലില്‍ വനഭാഗത്ത് റോഡിനോട് ചേര്‍ന്ന കാട്ടുപ്രദേശത്ത് ശരീരാവശിഷ്ടങ്ങളും കുടലും കണ്ടെത്തി. തുടര്‍ന്ന് പെരുനാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ രണ്ടാം പ്രതിയെയും കൃത്യത്തില്‍ ഉള്‍പ്പെട്ട പിക്കപ്പ് വാനും കണ്ടെത്തി. മറ്റൊരു പ്രതി കൂടി പിടിയിലാകാനുണ്ട്.
പെരുനാട് എസ്.എച്ച്.ഓ വിഷ്ണുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. എ.ആര്‍. രവീന്ദ്രന്‍, സി.പി.ഒ ബിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.