ഛര്‍ദിയും തലചുറ്റലുമായി ആശുപത്രിയിലെത്തി; മണിക്കൂറുകള്‍ക്കകം യുവതി മരിച്ചു: ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
ഛർദിക്ക് ചികിത്സതേടിയ യുവതി മരിച്ചു
പുനലൂര്‍: ഛര്‍ദിയും തലചുറ്റലുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി മണിക്കൂറുകള്‍ക്കകം മരിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പുനലൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ, കോട്ടവട്ടം നിരപ്പില്‍ പുത്തന്‍വീട്ടില്‍ അശ്വതി(34)യാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ ബഹളംവെച്ചത് ആശുപത്രിയില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
തിങ്കളാഴ്ച മൂന്നുമണിയോടെയാണ് ഛര്‍ദിയെ തുടര്‍ന്ന് അശ്വതിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തിവരികയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ നില ഗുരുതരമായി. ഇതോടെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആറരയോടെ രോഗി മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ ആശുപത്രിയിലെത്തി. തുടര്‍ന്നാണ് ബഹളവും വാക്കേറ്റവുമുണ്ടായത്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ത്തന്നെ ആവശ്യമായ ചികിത്സ നല്‍കിയെന്നും പരിശോധനകള്‍ നടത്തിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാര്‍ പറഞ്ഞു. രോഗം കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മൃതദേഹം ചൊവ്വാഴ്ച പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീഹരിയാണ് അശ്വതിയുടെ ഭര്‍ത്താവ്. നാലുവയസ്സുള്ള അമ്പാടി മകനാണ്.