ആനക്കൊമ്പില്‍ തീര്‍ത്ത ദണ്ഡ് വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍
കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ആനക്കൊമ്പില്‍ തീര്‍ത്ത ദണ്ഡ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും രണ്ട് പേരെ ആനക്കൊമ്പില്‍ തീര്‍ത്ത ദണ്ഡുമായി പിടികൂടുകയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ സുബു, വെളിയം സ്വദേശി അരുണ്‍ എന്നിവരാണ് അഞ്ചല്‍ റേഞ്ച് വനപാലകരുടെ പിടിയിലായത്. സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.
ആനക്കൊമ്പ് വില്‍പ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അഞ്ചല്‍ റേഞ്ച് വനം വകുപ്പ് സംഘത്തിന്റെ പരിശോധന. സുബു, അരുണ്‍ എന്നിവരാണ് വനം വകുപ്പിന്റെ വലയിലായത്. ഇടനിലക്കാര്‍, ഭണ്ഡ് വാങ്ങാന്‍ എത്തിയവര്‍ ഉള്‍പ്പടെ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്. വനം വകുപ്പിന്റെ നീക്കം മനസ്സിലാക്കി ചിലര്‍ രക്ഷപ്പെട്ടെന്നാണ് നിഗമനം. സുബുവിന്റെ മുത്തച്ഛന്‍ ശ്രീലങ്കയില്‍ നിന്നും എത്തിച്ച ആനക്കൊമ്പാണെന്നാണ് പ്രതികള്‍ വനം വകുപ്പിനോട് പറഞ്ഞിരിക്കുന്നത്. പ്രതികളുടെ മൊഴി പൂര്‍ണമായും വനം വകപ്പ് വിശ്വസിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.