കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു
തിരുവല്ല: കെഎസ്ആര്‍ടിസി ബസ് ബസ്റ്റാന്‍ഡിലെ ശുചിമുറിയില്‍ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ തിരുവല്ല കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ആയിരുന്നു സംഭവം. കോതമംഗലം കോഴിപ്പള്ളി ഇഞ്ചൂര്‍ കൊച്ചുപറമ്പില്‍ വാസന്തി നന്ദനന്‍ (73 ) ആണ് മരിച്ചത്.
തിരുവനന്തപുരത്തുനിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സിലെ യാത്രക്കാരിയായിരുന്നു വാസന്തി. സ്റ്റാന്‍ഡില്‍ നിര്‍ത്തിയ ബസ്സില്‍ നിന്നും ശുചിമുറിയില്‍ പോയതായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൈപ്പില്‍ ബലമായി പിടിച്ചുനിന്നു. ഇത് കണ്ട് മറ്റൊരു സ്ത്രീയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
ഉടന്‍ ആംബുലന്‍സ് എത്തിച്ച് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിരുവനന്തപുരത്തുള്ള മാതാവിന്റെ വീട്ടില്‍ പോയി മടങ്ങും വഴി ആയിരുന്നു സംഭവം. തിരുവല്ല പൊലീസ് എത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.