വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കും; ഇതര സംസ്ഥാന രോഗിയ്ക്ക് രോഗം വന്നത് സംസ്ഥാനത്തിന് പുറത്തു നിന്നെന്ന് നിഗമനം

Update: 2025-10-28 08:32 GMT

കൊച്ചി:സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കും. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം 25നാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്.

ഇതര സംസ്ഥാനത്തു നിന്ന് എത്തി വൈകാതെ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് കേരളത്തിന് പുറത്തു നിന്നാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം.

തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63കാരന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ കോളറ മൂലം മരിച്ചിരുന്നു. കുട്ടനാട് തലവടി സ്വദേശിയായ 48കാരന്‍ ഈ വര്‍ഷം മേയില്‍ മരിച്ചത് കോളറ ബാധിച്ചാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടോളം കോളറ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിിലെ ഒരു സ്‌പെഷല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ അന്തേവാസി 2024 ജൂലൈയില്‍ കോളറ ബാധിച്ച് മരിച്ചിരുന്നു.

Similar News