ദേശീയപാതയിലെ ഓടയിൽ വീണ് വഴിയാത്രക്കാരി; സ്ലാബ് പൊട്ടി അപകടം; ഇന്നലെ ബസ് പെട്ടതും ഇതേ സ്ഥലത്ത് തന്നെ; എന്നിട്ടും കണ്ണ് തുറക്കാതെ അധികൃതർ
കോഴിക്കോട്: നന്തിയിൽ ദേശീയപാതയുടെ നിർമാണ പ്രവർത്തി നടക്കുന്നിടത്തെ ഓടയിൽ വഴിയാത്രക്കാരി വീണു. സർവീസ് റോഡിന് സമീപത്തെ ഓടയുടെ മുകളിലെ സ്ലാബ് തകർന്നതാണ് അപകട കാരണം. ശക്തമായ മഴയെത്തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളവും റോഡും തിരിച്ചറിയാനാവാത്ത അവസ്ഥയിൽ നടന്നുവരികയായിരുന്ന സ്ത്രീയാണ് ഓടയിലേക്ക് വീണത്.
അപകടസമയത്ത് സമീപത്തുണ്ടായിരുന്ന സ്വകാര്യ ബസ് ജീവനക്കാർ ഉടൻതന്നെ ഇറങ്ങി ഇവരെ കൈപിടിച്ച് രക്ഷപ്പെടുത്തി. ദേശീയപാതയുടെ നിർമാണ പ്രവർത്തി നടക്കുന്നതിനാൽ ഓടയുടെ മുകളിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് പതിവായിരുന്നു. ഇതിനിടെയാണ് സ്ലാബ് പൊട്ടിയത്.
ഈയിടെ ഇത്തരത്തിൽ അപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് സ്വകാര്യബസിന്റെ മുന്നിലെ ടയർ കുഴിയിലേക്ക് വീണ് അപകടമുണ്ടായിരുന്നു. അന്നത്തെ ദൃശ്യങ്ങൾ പുറത്തുവരികയും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ബസ് തള്ളി കുഴിയിൽ നിന്നുയർത്തുകയും ചെയ്തിരുന്നു.