കാര്‍ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; കാല്‍നടയാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-10-28 13:21 GMT

തൃശ്ശൂര്‍: സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന കാല്‍നട യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. വേഗത്തില്‍ വന്ന കാറിനു മുന്നിലൂടെ കാല്‍നടയാത്രക്കാരനായ യുവാവ് റോഡിന്റെ മറുവശത്തേയ്ക്ക് ഓടിയതാണ് അപകടത്തിനിടയാക്കിയത്. തലനാരിഴയ്ക്കാണ് വാഹനം ഇയാളെ ഇടിക്കാതിരുന്നത്.വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.14-നായിരുന്നു സംഭവം.

ചേലക്കര നാട്ടിയന്‍ചിറ ജുമാമസ്ജിദിന് എതിര്‍വശത്തുവെച്ച് കാല്‍നടയാത്രികന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ, വളവ് തിരിഞ്ഞ് അതിവേഗത്തിലെത്തിയ കാര്‍ ബ്രേക്കിട്ടതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മഴ പെയ്തിരുന്നതിനാല്‍ കാര്‍ തെന്നി നീങ്ങുകയും ചെയ്തു. കാനയ്ക്ക് മുകളില്‍ സ്ഥാപിച്ച സ്ലാബില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാല്‍നടയാത്രക്കാരന്‍ ഇടിക്കാതിരിക്കാന്‍ ഓടിമതിലിനോട് ചേര്‍ന്നതിനാലും കാര്‍ സ്ലാബില്‍ ഇടിച്ച് വെട്ടിത്തിരിഞ്ഞതിനാലും വലിയ അത്യാഹിതം ഒഴിവായി. നാലു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.

Similar News