ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 24കാരന് 33 വര്‍ഷം തടവ് ശിക്ഷ
കൊച്ചി: പറവൂരില്‍ ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പതിനാറു വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 24കാരന് 33 വര്‍ഷം തടവ് വിധിച്ച് കോടതി. വരാപ്പുഴ ചിറക്കകം സ്വദേശി ശ്രീജിത്തിനെയാണ് (24) പറവൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി 33 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. ശ്രീജിത്ത് 2022 സെപ്റ്റംബര്‍ മുതല്‍ പെണ്‍കുട്ടിയോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പിഴ അടച്ചില്ലെങ്കില്‍ 8 മാസം കൂടി അധികതടവ് അനുഭവിക്കണം. സോഷ്യല്‍ മീഡിയയിലൂടെ ചാറ്റ് ചെയ്ത് പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. വരാപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കുറ്റകൃത്യം നടന്ന സ്ഥലത്തെ മുനമ്പം പൊലീസിന് കൈമാറുകയായിരുന്നു. ഇന്‍സ്‌പെക്ടറായിരുന്ന എ.എല്‍. യേശുദാസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 54 രേഖകള്‍ തെളിവായി ഹാജരാക്കുകയും 26 സാക്ഷികളെ വിസ്തരിക്കുകയും ചെയ്താണ് ശിക്ഷ വിധിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവിത ഗിരീഷ്‌കുമാറാണ് ഹാജരായത്.