ഭാര്യയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പ്; കേരള കോണ്‍ഗ്രസ് (എം) നേതാവിനെ സഹോദരീ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Update: 2025-10-28 14:30 GMT

കൊല്ലം: ഭാര്യയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് (എം) നേതാവിനെ സഹോദരീ ഭര്‍ത്താവ് തേപ്പുകരണ്ടികൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഉഷാലയം ശിവരാജനാണ് (59) വെട്ടേറ്റത്. ശിവരാജന്റെ സഹോദരീഭര്‍ത്താവ് ബിജുവിനെതിരെ (48) പൊലീസ് കേസെടുത്തു. ശിവരാജന്റെ സഹോദരിയും ബിജുവിന്റെ ഭാര്യയുമായ ഉഷയെ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം.

പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്തിലെ പട്ടികജാതി വനിതാസംവരണമായ മൂന്നാം വാര്‍ഡില്‍ ഉഷയെ മത്സരിപ്പിക്കുന്നതിന് നീക്കം നടത്തിയിരുന്നു. ഇവര്‍ മുന്‍ പഞ്ചായത്തംഗമാണ്. എന്നാല്‍ ഭാര്യയെ വീണ്ടും മത്സരിപ്പിക്കാന്‍ പറ്റില്ലെന്നാണ് ബിജു പറഞ്ഞത്. ഏറെനാളായി ബിജുവുമായി സഹോദരി പിണക്കത്തിലാണെന്ന് ശിവരാജന്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി ഒന്‍പതിന് കാരാളി ജംഗ്ഷന് സമീപം ആദിക്കാട്ടുമുക്കിലായിരുന്നു സംഭവം. കാറില്‍നിന്നിറങ്ങി സാധനം വാങ്ങുന്നതിനായി കടയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ പ്രകോപനമില്ലാതെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ശിവരാജന്‍ പറഞ്ഞു. കൈയില്‍ കരുതിയിരുന്ന തേപ്പുകരണ്ടികൊണ്ട് തലയില്‍ വെട്ടി. പരിക്കേറ്റ് നിലത്തുവീണ ശിവരാജനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

Similar News