മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പരുക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ആന്റി റാബിസ് വാക്‌സിന്‍ എടുത്തു. മ്യൂസിയം വളപ്പില്‍ രാവിലെ നടക്കാന്‍ ഇറങ്ങിയവരെയാണ് തെരുവുനായ ആക്രമിച്ചത്. മ്യൂസിയം വളപ്പിലേക്ക് ഭക്ഷണ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തി.
ബയോസെക്യൂരിറ്റി മേഖല ആയ മ്യൂസിയം കോമ്പൗണ്ടില്‍ തെരുവ് നായ ശല്യം പൂര്‍ണമായും ഒഴിവാക്കണമെന്ന് മൃഗശാല ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അടിയന്തരയോഗം വിലയിരുത്തി. സുപ്രീംകോടതി നിര്‍ദേശം കണക്കിലെടുത്ത് മ്യൂസിയം കൊമ്പൗണ്ടില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് ബോധവത്കരണം നല്‍കാനും നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
തെരുവ് നായയുടെ കടിയേറ്റ മറ്റുള്ള നായ്ക്കളെ തിരുവനന്തപുരം കോര്‍പറേഷന്‍ എ ബി സി സംഘം പിടികൂടി. 21 ദിവസത്തെ ക്വാറന്റൈനിലേക്ക് മാറ്റി. ഇവയ്ക്ക് വാക്‌സിന്‍ നല്‍കും. മൃഗശാലയിലെ മൃഗങ്ങള്‍ സുരക്ഷിതരാണെന്ന് വെറ്റിനറി സര്‍ജ്ജന്‍ ഡോ. നികേഷ് കിരണ്‍ അറിയിച്ചു.