ബീപ് സൗണ്ട് വന്നില്ല എന്നുപറഞ്ഞു; രണ്ടാമതും വോട്ടുചെയ്യാന്‍ അനുവദിച്ചു; കള്ളവോട്ട് പരാതി; ഒരു മണിക്കൂര്‍ വോട്ടെടുപ്പ് നിര്‍ത്തി

Update: 2025-12-11 12:40 GMT

തൃശൂര്‍: കള്ളവോട്ട് പരാതിയെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവച്ചു. ഒരാള്‍ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെത്തുടര്‍ന്നാണ് ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ വോട്ടെടുപ് നിര്‍ത്തിവെച്ചത്. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 12 വാര്‍ഡ് ഒന്നാം നമ്പര്‍ ബൂത്ത് ചാമക്കാല്‍ ഗവ. മാപ്പിള സ്‌കൂളാക്കാണ് വോട്ടിങ് തടസ്സപ്പെട്ടത്. ഒടുവില്‍ റിട്ടേണിങ് ഓഫിസര്‍ സ്ഥലത്ത് എത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 246 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍ മെഷീനില്‍ 247 വോട്ടാണ് കാണിച്ചത്.

അവസാനം വോട്ട് ചെയ്ത ആള്‍ ബീപ് സൗണ്ട് വന്നില്ല എന്നുപറഞ്ഞു പരാതി ഉന്നയിച്ചതിനാല്‍ ഇയാള്‍ക്ക് രണ്ടാമതും വോട്ടുചെയ്യാന്‍ അനുവാദം നല്‍കിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനില്‍ രേഖപ്പെട്ടിരുന്നു. ഇതോടെ കള്ളവോട്ട് പരാതി ഉയര്‍ന്നതോടെ ഒരുമണിക്കൂറോളം വോട്ടിങ് നിര്‍ത്തിവെച്ചു. ഒടുവില്‍ റിട്ടേണിങ് ഓഫിസര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. നിലവില്‍ ഉണ്ടായ സംഭവം ഓഫിസര്‍ ഡയറിയില്‍ റെക്കോഡ് ചെയ്യുമെന്നും വോട്ടെണ്ണല്‍ സമയത്ത് ബാക്കി നടപടികള്‍ സ്വീകരിച്ച് ആവശ്യമെങ്കില്‍ റീപോളിങ് നടത്താമെന്നും അറിയിച്ചതോടെയാണ് പ്രശ്‌നം അവസാനിച്ചത്.

Similar News