'മുട്ടക്കറിക്ക് വില 30 രൂപ; മുട്ടയ്ക്ക് മാത്രം 20 രൂപ; മുട്ടയും ഗ്രേവിയും തന്നാല്‍ മതി'; പിന്നാലെ വാക്കുതര്‍ക്കം; വിസമ്മതിച്ച ഹോട്ടലുടമയ്ക്കും ജീവനക്കാരിക്കും മര്‍ദ്ദനം

Update: 2025-11-11 15:43 GMT

ആലപ്പുഴ: ചേര്‍ത്തല പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലില്‍ മുട്ടക്കറിയുടെ വിലയെ സംബന്ധിച്ച തര്‍ക്കത്തില്‍ ഹോട്ടലുടമയ്ക്കും ജീവനക്കാരിക്കും നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് പേരെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ് മരുത്തോര്‍വട്ടം കൊച്ചുവെളി വീട്ടില്‍ അനന്തു (27), ഗോകുല്‍ നിവാസില്‍ കമല്‍ ദാസ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുട്ടക്കറി സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലിന്റെ അടുക്കളയില്‍ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതികള്‍ മുട്ടക്കറിക്ക് വില ചോദിച്ചപ്പോള്‍ 30 രൂപയെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു. മുട്ടയ്ക്ക് മാത്രം വില ചോദിച്ചപ്പോള്‍ 20 രൂപയാണെന്നും മറുപടി നല്‍കി. എന്നാല്‍ മുട്ടയും പ്രത്യകം ഗ്രേവിയും തന്നാല്‍ മതിയെന്നായി പ്രതികള്‍. വാക്കുതര്‍ക്കത്തിന് പിന്നാലെ കടയുടമ പ്രതികളോട് ഹോട്ടലില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹോട്ടലില്‍ ആക്രമണം ഉണ്ടായത്.

അറസ്റ്റിലായ അനന്തു, കമല്‍ ദാസ് എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ശേഷം പ്രതികളെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാരാരിക്കുളം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച് സ്റ്റേഷനിലെ സിസിടിവി ക്യാമറ തകര്‍ത്ത കേസിലെയും പ്രതികളാണ് പിടിലായ അനന്തുവും കമല്‍ ദാസും. മാരാരിക്കുളം എസ്ഐ പി കെ മോഹിതിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടിക്കൂടിയത്.

Similar News