സെല്ലിനുള്ളില്‍ കയറാന്‍ ആവശ്യപ്പെട്ടു; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ മര്‍ദിച്ചു; തടയാന്‍ ശ്രമിച്ച തടവുകാരനും മര്‍ദനം: പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍

വിയ്യൂര്‍ ജയിലില്‍ അസി.പ്രിസണ്‍ ഓഫീസറെ തടവുകാര്‍ ആക്രമിച്ചു

Update: 2025-11-14 00:37 GMT

വിയ്യൂര്‍: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാര്‍ ജീവനക്കാരനേയും മറ്റൊരു തടവുകാരനെയും ആക്രമിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഭിനവ് തടവുകാരനായ റെജി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെല്ലിനുള്ളില്‍ കയറാന്‍ തടവുകാരോട് ആവശ്യപ്പെട്ടതിനാണ് മര്‍ദിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതി നസറുദ്ദീനും മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജും ചേര്‍ന്നാണ് മര്‍ദിച്ചത്.

സെല്ലിനുള്ളില്‍ കയറാന്‍ മടിച്ചുനിന്ന നസറുദ്ദീനോട് സെല്ലില്‍ കയറാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് നസറുദ്ദീനും മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഭിനവിനുനേരേ മുദ്രാവാക്യം വിളിച്ചു. അസഭ്യം വിളിച്ചെന്നും പരാതിയുണ്ട്. ഇതിനിടെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് പറയുന്നു.

അഭിനവിനെ മര്‍ദിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ മറ്റൊരു തടവുകാരന്‍ റജികുമാറിനും ഇവരില്‍നിന്ന് മര്‍ദനമേറ്റു. കൂടുതല്‍ ജയില്‍ ജീവനക്കാര്‍ എത്തിയാണ് മര്‍ദിച്ച തടവുകാരെ സെല്ലിനുള്ളിലാക്കിയത്. അഭിനവിനെയും റജികുമാറിനെയും ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജയില്‍ അധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി.

വൈകിട്ട് അഞ്ചരയ്ക്ക് ശേഷം സെല്ലില്‍ കയറാന്‍ വിസമ്മതിച്ച ഇവര്‍ ജീവനക്കാരനെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ആക്രമിക്കുന്നത് തടയുന്നതിനിടയാണ് മറ്റൊരു തടവുകാരന് പരിക്കേറ്റത്. മാവോയിസ്റ്റ് കേസിലെ പ്രതി ജയിലില്‍ വച്ച് തുടര്‍ച്ചയായി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

Tags:    

Similar News