എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനം; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്നും തടസപ്പെടാന്‍ സാധ്യത
നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്നും തടസപ്പെടാന്‍ സാധ്യത
കൊച്ചി: എത്യോപ്യയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെടാന്‍ സാധ്യത. അഗ്‌നിപര്‍വത ചാരവും പുകയും വിമാനങ്ങള്‍ക്ക് യന്ത്ര തകരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പല വിമാനങ്ങളും റദ്ദാക്കിയേക്കും. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.
രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനവും സര്‍വീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത് നിരവധി ഉംറ തീര്‍ത്ഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്.
ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരുന്നു. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമായി. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലൂടെ വടക്കന്‍ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ ഡല്‍ഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ലൈനുകള്‍ക്ക് കരിമേഘ പടലങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡൈ്വസറികള്‍ അനുസരിച്ച് ഫ്‌ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിന്റെ അളവ് എന്നിവയില്‍ മാറ്റം വരുത്താനും നിര്‍ദ്ദേശം നല്‍കി. എന്‍ജിന്‍ പ്രവര്‍ത്തനത്തിലെ അപാകതകളോ കാബിനില്‍ പുകയോ ഗന്ധമോ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
