ആറ് വര്‍ഷത്തെ പ്രണയം വീട്ടുകാര്‍ പിടിച്ചതോടെ വീട്ടുതടങ്കലിലായി; കോടതി തുണച്ചതോടെ യുവാവിനൊപ്പം പോകാന്‍ യുവതിക്ക് അനുമതി

യുവാവിനൊപ്പം പോകാൻ യുവതിക്ക് അനുമതി

Update: 2025-11-27 00:07 GMT

കോട്ടയം: പ്രണയിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലായ യുവതിക്ക് കാമുകനൊപ്പം പോകാന്‍ കോടതിയുടെ അനുമതി. കാമുകനൊപ്പം പോകണമെന്നാവശ്യപ്പെട്ട് യുവതി കോടതിക്കു കത്തു നല്‍കിയതോടെയാണ് യുവതിക്ക് വീട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ അവസരം ഒരുങ്ങിയത്. പെണ്‍കുട്ടിയുടെ ആവശ്യം പരിഗണിച്ച കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ട് കോടതി (2) ഇന്നലെ യുവതിയെ കാമുകനൊപ്പം അയച്ചു.

മുപ്പത് വയസ്സുള്ള യുവാവുമായി ആറു വര്‍ഷമായി പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇരുപത്തെട്ടുകാരി കോടതിക്കു കത്തുനല്‍കിയത്. അടുത്ത കാലത്താണ് ഇറുവരും തമ്മിലുള്ള പ്രണയം യുവതിയുടെ വീട്ടുകാര്‍ അറിയുന്നത്. ഇതോടെ യുവതിയെ വീടിന് പുറത്തേക്കു വിടാതായി. അഭിഭാഷകരായ ഷാമോന്‍ ഷാജി, വിവേക് മാത്യു വര്‍ക്കി എന്നിവര്‍ മുഖേന യുവാവ് ഹര്‍ജി നല്‍കി. തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മണിമല പൊലീസിനോട് കോടതി നിര്‍ദേശിച്ചു.

പൊലീസ് യുവതിയുടെ മൊഴിയെടുത്തെങ്കിലും വീട്ടുകാരുടെ സമ്മര്‍ദം ഒരുമിച്ചുള്ള ജീവിതത്തിനു തടസമായി. പ്രശ്‌നം വഷളാകുമെന്ന് മനസ്സിലായതോടെ യുവതിയെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്കു മാറ്റി. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്നുറപ്പായ യുവതി കോടതിയില്‍ നേരിട്ടു ഹാജരാകാനും ഒരുമിച്ച് താമസിക്കാനും അനുമതി വേണമെന്നാവശ്യപ്പെട്ട് കത്തെഴുതി റോഡില്‍ ഉപേക്ഷിച്ചു. കത്തെഴുതിയിട്ട സ്ഥലത്തിന്റെ ലൊക്കേഷന്‍ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്ത് കത്തെടുത്ത് കോടതിയില്‍ എത്തിക്കുകയുമായിരുന്നു.

കത്തിന്റെ ഉള്ളടക്കം പരിശോധിച്ച കോടതി യുവതിയെ ഹാജരാക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചു. യുവതിയെ പൊലീസ് കോടതിയില്‍ എത്തിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം യുവതിയെ യുവാവിനൊപ്പം അയച്ചു.

Tags:    

Similar News