ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി; കണ്ടെടുത്തത് കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകള്‍; പോലിസ് അന്വേഷണം

ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട

Update: 2025-12-03 04:04 GMT

ആലപ്പുഴ: ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കാര്‍ത്തികപള്ളിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചു. ഈ സമയത്താണ് ബഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്.

സംഭവത്തെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെടിയുണ്ടകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ട്യൂഷന്‍ സെന്ററിന് സമീപത്തെ പറമ്പില്‍ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ത്ഥി നല്‍കിയ മൊഴി.

സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് ഇത്തരത്തില്‍ വെടിയുണ്ടകള്‍ അധ്യാപകര്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ഇടവേള സമയങ്ങളില്‍ കുട്ടികളുടെ ബാഗുകള്‍ സ്‌കൂളില്‍ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Tags:    

Similar News