യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍; നടപടി വൈകരുതെന്ന് സജന ബി സാജന്‍

Update: 2025-12-03 07:34 GMT

തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ നടപടി വൈകരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍. ഇനിയും വൈകിയാല്‍ പാര്‍ടി കനത്ത വില നല്‍കേണ്ടി വരുമെന്നും സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും സജന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ രാഹുലിനെതിരെ കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ ആരോപണങ്ങളുള്ളതായി സജന വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിലെ ചില പെണ്‍കുട്ടികള്‍ ഇക്കാര്യങ്ങള്‍ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്തലുണ്ടായാല്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കുമെന്നും സജന പറഞ്ഞു.

'സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണ് ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കില്‍ ഇനി പഠിക്കാന്‍ പാര്‍ട്ടിയുണ്ടാകില്ലെ'ന്ന മുന്നറിയിപ്പുമായി സജന കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപക സൈബര്‍ ആക്രമണമാണ് സജന നേരിട്ടത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണം, എംഎല്‍എ സ്ഥാനവും ഒഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രാഹുല്‍ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News