സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദ്ദനം; ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടല്‍; നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചതായി പരാതി. രണ്ടാംവര്‍ഷ ബി.കോം ഫിനാന്‍സ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാക്കിറിനെ മര്‍ദ്ദിച്ചെന്നാണ് പരാതി ഉയര്‍ന്നത്. വിദ്യാര്‍ത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിലാണ്. മുഹമ്മദ് ഷാക്കിറിന്റെ വലത് കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി കുടുംബം പറഞ്ഞു.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ കോളേജിലെ പാര്‍ക്കിങ്ങിന് സമീപം തര്‍ക്കം നടന്നിരുന്നു. ഇതിനിടെ സ്‌കൂട്ടറില്‍ പുസ്തകം വെക്കാന്‍ അവിടെ എത്തിയ മുഹമ്മദ് ഷാക്കിറിനെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി ചീത്തവിളിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചെന്നാണ് മുഹമ്മദ് ഷാക്കിര്‍ പറയുന്നത്. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയെന്ന് കുടുംബം പറയുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു. കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റെതാണ് നടപടി.