ഭക്ഷണത്തിന് രുചി പോര; പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍
ആലപ്പുഴ: ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു. പട്ടണക്കാട്, വെട്ടയ്ക്കല്‍ പുറത്താംകുഴിയില്‍ ആശാകുമാറിന്റെ മകന്‍ ഗോകുലിനെയാണ് (28) റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന ഗോകുല്‍, ഭക്ഷണത്തിന്റെ പേരില്‍ വഴക്കുണ്ടാക്കുകയായിരുന്നു.
ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ഗോകുല്‍ അസഭ്യം പറഞ്ഞതിനെ പിതാവ് ആശാകുമാര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ഗോകുല്‍ ഭക്ഷണം കഴിച്ചിരുന്ന പ്ലേറ്റുകൊണ്ട് ആശാകുമാറിന്റെ തലയ്ക്ക് അടിച്ചു. തര്‍ക്കം പരിഹരിക്കാനെത്തിയ സഹോദരന്‍ അനന്തുവിന്റെ കയ്യില്‍ ഗോകുല്‍ കത്തി ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സമീപവാസികള്‍ ഓടിക്കൂടിയാണ് പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ ആശാകുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജിലും അനന്തുവിനെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് പട്ടണക്കാട് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഗോകുല്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് പൊലീസ് അറിയിച്ചു.