ഷിബുവിന്റെ ഹൃദയം ഇനി നേപ്പാള്‍ സ്വദേശിനി ദുര്‍ഗയില്‍; രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കൊച്ചിയില്‍

Update: 2025-12-22 07:09 GMT

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കും. വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗ കാമിയില്‍ മിടിക്കുക. ഹൃദയത്തിന് പുറമേ ഷിബുവിന്റെ രണ്ട് വൃക്കകള്‍, നേത്രപടലങ്ങള്‍, ത്വക്ക് എന്നിവയും ദാനം ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഒരാള്‍ ത്വക്ക് ദാനം ചെയ്യുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. അവയവദാനത്തിന് കുടുംബം സമ്മതം അറിയിച്ചതോടെ നടപടികള്‍ വേഗത്തിലായി. രാവിലെ പത്തു മണിയോടെ ഹൃദയം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍ ആംബുലന്‍സ് മാര്‍ഗം കൊച്ചി ഹയാത്തില്‍ എത്തിക്കും. അവിടെ നിന്ന് ആംബുലന്‍സ് വഴി അതീവ സുരക്ഷയോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. നേരത്തെ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ വിജയകരമായി നടത്തി ശ്രദ്ധേയമായ ആശുപത്രിയാണിത്.

ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന 'ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതി' എന്ന ഗുരുതര രോഗാവസ്ഥയിലായിരുന്നു ദുര്‍ഗ കാമി. ഇതേ അസുഖം ബാധിച്ചാണ് ദുര്‍ഗയുടെ അമ്മയും സഹോദരിയും മുന്‍പ് മരണപ്പെട്ടത്. ഷിബുവിന്റെ ഹൃദയം സ്വീകരിക്കുന്നതിലൂടെ ദുര്‍ഗ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരും കുടുംബവും. ദാനം ചെയ്ത ത്വക്ക് നിലവില്‍ സ്‌കിന്‍ ബാങ്കില്‍ സൂക്ഷിക്കാനാണ് തീരുമാനം.

Similar News