നിലപാടുകളുടെ ചെറുപ്പമായിരുന്നു പി. ടിയുടെ മുഖമുദ്ര; ലാളിത്യത്തിന്റെ പര്യായമായ അദ്ദേഹം ജീവിതത്തില്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു; എല്ലാവരുടേയും ഓര്‍മ്മകളില്‍ പി.ടി എല്ലാക്കാലവും ജീവിക്കുമെന്നും സണ്ണി ജോസഫ്
നിലപാടുകളുടെ ചെറുപ്പമായിരുന്നു പി. ടിയുടെ മുഖമുദ്ര
കൊച്ചി: നിലപാടുകളുടെ രാജകുമാരനായിരുന്ന പി.ടി തോമസ് ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. എറണാകുളം ഡിസിസി സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലപാടുകളുടെ രാജകുമാരന്‍ എന്നത് അദ്ദേഹത്തിന് കേരള ജനത നല്‍കിയ വിളിപ്പേരാണ്. യുവത്വം പിന്നിട്ടപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകളുടെ ചെറുപ്പം എന്നും നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ അവസാന യാത്രയില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി ജന ലക്ഷങ്ങളാണ് മഴയും മഞ്ഞും കുളിരുമെല്ലാം സഹിച്ച് അന്ന് മണിക്കൂറുകള്‍ കാത്തുനിന്നത്. ജനങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്വന്തം മരണം മുന്നില്‍ കണ്ടെന്ന പോലെ സംസ്‌കാരം എങ്ങനെ നടത്തണമെന്നടക്കമുള്ള കാര്യങ്ങള്‍ നേരത്തെ പറഞ്ഞ് വെച്ച് അവിടേയും അദ്ദേഹം വ്യത്യസ്തനായെന്ന് സണ്ണി ജോസഫ് അനുസ്മരിച്ചു.
റീത്തുകള്‍ സമര്‍പ്പിക്കരുതെന്നും ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും എന്ന ഗാനം വെക്കണമെന്നും എവിടെ സംസ്‌ക്കരിക്കണമെന്നും അടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ലാളിത്യത്തിന്റെ പര്യായമായ അദ്ദേഹം ജീവിതത്തില്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു. പി.ടി തോമസും കേരളത്തിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. അത്‌കൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന ഇന്നും നിലനില്‍ക്കുന്നുണ്ട്. ജനങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് മരണമില്ലെന്ന് പതിനായിരങ്ങളാണ് അദ്ദേഹത്തിന്റെ അവസാനയാത്രയില്‍ ഏറ്റുവിളിച്ചത്. അതുപോലെ തന്നെ എല്ലാവരുടേയും ഓര്‍മ്മകളില്‍ പി.ടി എല്ലാക്കാലവും ജീവിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിലപാടുകളുടേയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഒരു പാഠപുസ്തകമായിരുന്ന പി.ടി തോമസിന്റെ ഓര്‍മ്മകള്‍ ഇനിയുള്ള കാലങ്ങളിലും ശോഭയോടെ നിലനില്‍ക്കുമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കാലത്തിന്റെ കുത്തൊഴുക്കില്‍ പലരും വിസ്മരിക്കപ്പെടുമെങ്കിലും മരണപ്പെട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിസ്മൃതിയിലേക്ക് പോകാത്ത ഒരു വ്യക്തിത്വമാണ് പി.ടി എന്നും ഇനിയുള്ള കാലങ്ങളിലും അത് അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപ നേതാവ് കെ. ബാബു എംഎല്‍എ അനുസ്മരിച്ചു.
അനുസ്മരണ ചടങ്ങില്‍ എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളി ഉമ തോമസ് കെപിസിസി വൈസ് പ്രസിഡന്റ്മാരായ വി പി സജീന്ദ്രന്‍ ജയ്‌സണ്‍ ജോസഫ് ജനറല്‍ സെക്രട്ടറിമാരായവി പി സജീന്ദ്രന്‍ ജയ്‌സണ്‍ ജോസഫ് ജനറല്‍ സെക്രട്ടറിമാരായ ബി എ അബ്ദുല്‍ മുത്തലിബ് ദീപ്തി മേരി വര്‍ഗീസ് ഐ കെ രാജു എം ആര്‍ അഭിലാഷ് നേതാക്കളായ കെ പി ധനപാലന്‍ അജയ് തറയില്‍ ടോണി ചമ്മണി ലൂഡി ലൂയിസ് കെ ബി മുഹമ്മദ് കുട്ടി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പി കെ അബ്ദുള്‍ റഹ്‌മാന്‍ ആന്‍ സെബാസ്റ്റ്യന്‍ സിജോ ജോസഫ് വി കെ മിനിമോള്‍ ജോസഫ് ആന്റണി പി കെ അബ്ദുല്‍ ലത്തീഫ് സേവിയര്‍ തായങ്കരി മനോജ് മൂത്തേടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
