സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ഇടതുപക്ഷത്തിന്റെ ശൈലിയല്ല... ഒരുകാര്യം ഉറപ്പ്; പൂട്ടിയ അക്കൗണ്ട് അങ്ങിനെ തന്നെ..; നേമത്ത് വിശദീകരണവുമായി ശിവന്‍കുട്ടി
തിരുവനന്തപുരം : നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആര് മത്സരിച്ചാലും ബിജെപിയുടെ പൂട്ടിയ അക്കൗണ്ട് അങ്ങനെ തന്നെയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 'നേമത്ത് ആര് എന്നാണ് മാധ്യമചര്‍ച്ച. പാര്‍ട്ടിയും മുന്നണിയും നിശ്ചയിക്കുന്ന വ്യക്തി എന്നാണ് ഉത്തരം. സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ഇടതുപക്ഷത്തിന്റെ ശൈലിയല്ല. ഒരുകാര്യം ഉറപ്പ്; പൂട്ടിയ അക്കൗണ്ട് അങ്ങിനെ തന്നെ..' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ചില മാധ്യമങ്ങള്‍ സ്ഥാനാര്‍ഥികളെയും സ്വയം 'പ്രഖ്യാപിച്ചു'തുടങ്ങി. അതില്‍ ഒരു സ്വകാര്യ ചാനലാണ് ശിവന്‍കുട്ടി നേമത്ത് മത്സരിക്കില്ല എന്ന് 'പ്രവചിച്ചത്'. ഇതിനുള്ള മറുപടിയായാണ് പൂട്ടിയ അക്കൗണ്ട് അങ്ങനെ തന്നെയെന്ന് ശിവന്‍കുട്ടി പറഞ്ഞത്. 2016ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിയിലെ ഒ രാജഗോപാല്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് വോട്ട് മറിച്ചാണ് രാജഗോപാലിനെ വിജയിപ്പിച്ചത്. എന്നാല്‍ 201ലെ തെരഞ്ഞെടുപ്പില്‍ വി ശിവന്‍കുട്ടി ബിജെപിയിലെ കുമ്മനം രാജശേഖരനെ തോല്‍പിച്ച് ബിജെപി അക്കൗണ്ട് പൂട്ടി. ഇൗ സംഭവമാണ് വി ശിവന്‍കുട്ടി ഓര്‍മിപ്പിച്ചത്.