കരുവന്നൂര്‍ തട്ടിപ്പ്: മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി; 7 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കേസില്‍ പ്രതികളായ ഏഴ് മുന്‍ ബോര്‍ഡ് അംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2001 നും 2011 നും ഇടയില്‍ ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നവരാണ് മുന്‍കൂര്‍ ജാമ്യം തേടി പരമോന്നത കോടതിയെ സമീപിച്ചത്. തങ്ങളുടെ ഭരണകാലയളവില്‍ നിക്ഷേപകര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും ബാങ്കിന്റെ നയപരമായ തീരുമാനങ്ങളില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാല്‍, അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ബെഞ്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അന്വേഷണത്തില്‍ പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും, ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിച്ചിരിക്കുകയാണ്.